തിരുവൈരാണിക്കുളം ക്ഷേത്രം നടതുറപ്പ് ഇന്ന്
text_fieldsകാലടി: ധനുമാസത്തിലെ തിരുവാതിര മുതൽ 12 ദിവസം മാത്രം തുറക്കുന്നുവെന്ന അപൂർവതയുള്ള തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ ശ്രീപാർവതി ദേവിയുടെ തിരുനട വ്യാഴാഴ്ച രാത്രി എട്ടിന് തുറക്കും.
കാലടിക്കടുത്ത് കാഞ്ഞൂർ തൃക്കണിക്കാവിൽ പെരിയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ഐതിഹ്യപ്രധാനമായ ക്ഷേത്രത്തിൽ ഉത്സവദിനങ്ങളിൽ അന്തർ സംസ്ഥാനങ്ങളിൽ നിന്നടക്കം പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് ദർശനത്തിനെത്തുക. നടതുറപ്പിന് മുന്നോടിയായി ക്ഷേത്രോൽപത്തിയുമായി ബന്ധപ്പെട്ട അകവൂർ മനയിൽനിന്ന് വൈകീട്ട് നാലിന് തിരുവാഭരണ ഘോഷയാത്ര പുറപ്പെടും.
ഘോഷയാത്ര ക്ഷേത്രത്തിൽ പ്രവേശിച്ചാലുടൻ നടതുറക്കുന്നതിന് ആചാരവിധിപ്രകാരം ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്ര ഉരാഴ്മക്കാരായ അകവൂർ, വെടിയൂർ, വെൺമണി മനകളിലെ പ്രതിനിധികളും ഉത്സവ നടത്തിപ്പിനായി ദേശക്കാർ തെരഞ്ഞെടുത്ത സമുദായം തിരുമേനിയും ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളും ദേവിയുടെ പ്രിയതോഴിയായി സങ്കൽപിക്കപ്പെടുന്ന പുഷ്പിണിയും നടയ്ക്കൽ സന്നിഹിതരാവും.
തുടർന്ന് പുഷ്പിണിയായ ബ്രാഹ്മണിയമ്മ നടയ്ക്കൽ വന്നുനിന്ന് ഈരാഴ്മക്കാരും സമുദായം തിരുമേനിയും എത്തിയിട്ടുണ്ടോ എന്നു മൂന്നുവട്ടം വിളിച്ചുചോദിക്കും. എത്തിയെന്ന മറുപടി ലഭിച്ചാൽ നടതുറക്കട്ടേ എന്ന് അനുവാദം ചോദിക്കും. തുറന്നാലും എന്ന അനുമതി നൽകുന്നതോടെ നടതുറക്കും.
ദീപാരാധനക്കുശേഷം ദേവിയെ പാട്ടുപുരയിലേക്ക് ആനയിച്ചിരുത്തും. ഈ സമയം ദേവിയുടെ നടയിൽ വ്രതം നോറ്റ മങ്കമാർ തിരുവാതിര പാട്ടുപാടി ചുവടുവെക്കും. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ നാല് മുതൽ ഉച്ചക്ക് ഒന്നുവരെയും ഉച്ചക്ക് ശേഷം രണ്ട് മുതൽ രാത്രി ഒമ്പത് വരെയുമാണ് ദർശന സമയം.
സാധാരണ ക്യൂവിനു പുറമെ വെർച്വൽ ക്യൂ ഉണ്ടാകും. ഇതിന് ബുക്ക് ചെയ്യാം. ഭക്തർക്ക് സൗജന്യമായി കുടിവെള്ളവും രാവിലെ ഒമ്പത് മുതൽ അന്നദാനവും ഉണ്ടാകുമെന്ന് ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് അകവൂർ കുഞ്ഞനിയൻ നമ്പൂതിരിപ്പാട്, സെക്രട്ടറി കെ.എ. പ്രസൂൺ കുമാർ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.