ഞെട്ടലൊഴിയാതെ...
text_fieldsമലയാറ്റൂര്‍: കളമശ്ശേരി സ്ഫോടനത്തില്‍ മരിച്ച 12 വയസ്സുകാരി ലിബ്നയുടെ വേര്‍പാടില്‍ തേങ്ങലോടെ ഇല്ലിത്തോട് കക്കാട്ടില്‍ വീട്ടില്‍ സുരേഷ്.
മലയാറ്റൂര്‍ പാലത്തിന് സമീപം ലോട്ടറി വിൽപന നടത്തുന്ന ആളാണ് സുരേഷ്. ‘അങ്കിളേ, ഇനി തിങ്കളാഴ്ച കാണാട്ടോ’ എന്നുപറഞ്ഞ് കൈവീശി റ്റാറ്റ നൽകിയാണ് കുട്ടി കഴിഞ്ഞ ദിവസം പോയത്. ലോട്ടറി വിൽപനയുമായി പോകുമ്പോള്‍ പാലത്തിന് സമീപം വാടകക്ക് താമസിക്കുന്ന ലിബ്ന കാണുമ്പോഴൊക്കെ റ്റാറ്റ തരാറുണ്ടെന്ന് സുരേഷ് പറഞ്ഞു.
എന്നാല്‍, ഈ കുട്ടി ഒരിക്കലും ലോട്ടറി വാങ്ങിയിരുന്നില്ല. വീട്ടില്‍ വളര്‍ത്തുന്ന ഒരു പട്ടിക്കുട്ടിയും എപ്പോഴും ലിബ്നക്കൊപ്പം ഉണ്ടാകാറുണ്ട്.
തിങ്കളാഴ്ച രാവിലെ കുട്ടിയുടെ മരണവാര്‍ത്തയറിഞ്ഞ് വീട്ടില്‍ എത്തിയെങ്കിലും ആരുമുണ്ടായിരുന്നില്ല. കുട്ടിയുടെ മാതാവും രണ്ട് സഹോദരന്മാരും പൊള്ളലേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഞെട്ടൽ മാറാതെ ലിബ്നയുടെ സ്കൂൾ
കാലടി: കളമശ്ശേരി സ്ഫോടനത്തില്‍ മലയാറ്റൂര്‍ കടവന്‍കുഴി വീട്ടില്‍ പ്രദീപിന്റെ മകള്‍ ലിബ്നയുടെ (12) മരണത്തില്‍ ഞെട്ടൽ മാറാതെ നീലീശ്വരം എസ്.എന്‍.ഡി.പി സ്കൂള്‍. സ്കൂളിലെ എഴാം ക്ലാസ് വിദ്യാർഥിനിയായിരുന്നു ലിബ്ന. സംഭവത്തെതുടര്‍ന്ന് സ്കൂളിന് തിങ്കളാഴ്ച അവധി നൽകി. പഠനത്തിലും മറ്റ് കാര്യങ്ങളിലും മിടുക്കിയായിരുന്നു ലിബ്നയെന്ന് ക്ലാസ് അധ്യാപികയായ വി.എസ്. ബിന്ദു പറയുന്നു. അഞ്ചാം ക്ലാസിലാണ് സ്കൂളില്‍ ചേർന്നത്. വ്യാഴാഴ്ച വൈകീട്ട് വരെ ലിബ്ന ക്ലാസില്‍ വന്നിരുന്നുവെന്നും കണ്വെന്ഷന് പോകുന്ന വിവരം പറഞ്ഞിരുന്നില്ലെന്നും സഹപാഠികള്‍ പറയുന്നു. മികച്ച കുട്ടിയെയാണ് സ്കൂളിന് നഷ്ടപ്പെട്ടതെന്നും പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം വിട്ടുകിട്ടുമ്പോള്‍ സ്കൂളില്‍ പൊതുദര്‍ശനത്തിന് വെക്കണമെന്നുണ്ടെന്നും പ്രധാനാധ്യാപകന് വി.സി. സന്തോഷ് കുമാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.