സമ്പദ്വ്യവസ്ഥയിൽ പൊളിച്ചെഴുത്ത് അനിവാര്യം –തോമസ് ഐസക്
text_fieldsകളമശ്ശേരി നിയോജക മണ്ഡലത്തിലെ സ്കില്ലിങ് കളമശ്ശേരി യൂത്ത് (സ്കൈ) തൊഴിൽ നൈപുണ്യ വികസന പദ്ധതിയുടെ ഉദ്ഘാടനം തോമസ് ഐസക് നിർവഹിക്കുന്നു
കളമശ്ശേരി: സംസ്ഥാനത്തെ സമ്പദ്വ്യവസ്ഥയിൽ അടിമുടി പൊളിച്ചെഴുത്ത് അനിവാര്യമെന്ന് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്. കളമശ്ശേരി നിയോജക മണ്ഡലത്തിലെ യുവജനങ്ങൾക്ക് തൊഴിൽ നൈപുണ്യം നൽകുന്ന 'സ്കില്ലിങ് കളമശ്ശേരി യൂത്ത്' തൊഴിൽ നൈപുണ്യ വികസന പദ്ധതിയുടെ (സ്കൈ) ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ ഉൽപാദന മേഖലകളിലും ജ്ഞാനം കൂടുതൽ ചെലുത്തപ്പെടുന്ന മേഖലകൾ വളർന്നു വരുന്നു. ഇതിെൻറ ഫലമായി ഉൽപാദനക്ഷമത വർധിക്കും. ഇതുമൂലം തൊഴിലാളിക്ക് കൂടുതൽ ശമ്പളം നൽകാൻ കഴിയും. കേരളത്തിൽ പല രീതിയിലുള്ള വ്യവസായക്രമത്തിലൂടെയുള്ള പോക്ക് നടക്കില്ല. കുറഞ്ഞ കൂലിക്ക് പണി എടുക്കാൻ ആളുകൾ തയാറാകില്ല. നല്ല ശമ്പളം നൽകണമെങ്കിൽ ഉൽപാദനം വർധിപ്പിക്കണം.
അത്തരത്തിലൊരു പൊളിച്ചെഴുത്ത് അത്യന്താപേക്ഷിതമാണ്. കേരള സമൂഹത്തിനെ അടിമുടി മാറ്റാൻ നൈപുണ്യ വികസന പദ്ധതിക്ക് കഴിയുമെന്നും സംസ്ഥാനത്താകെ പദ്ധതി നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. കാലഘട്ടത്തിനാവശ്യമായ കഴിവുകൾ പുതിയ തലമുറയിലേക്ക് എത്തിക്കണം. കുസാറ്റ്, കീഡ്, പോളിടെക്നിക്, ഐ.ടി.ഐ അടങ്ങിയ വ്യവസായ പരിശീലന സ്ഥാപനങ്ങൾ ഒത്തുചേർന്നാണ് സ്കൈ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു. 200 വിദ്യാർഥികൾ ഓൺലൈനായും 60 വിദ്യാർഥികൾ നേരിട്ടും ക്ലാസിൽ പങ്കെടുത്തു.
ചടങ്ങിൽ കീഡ് സി.ഇ.ഒ ശരത് വി. രാജ്, കുസാറ്റ് വൈസ് ചാൻസലർ കെ.എൻ. മധുസൂദനൻ , കളമശ്ശേരി മുനിസിപ്പൽ ചെയർപേഴ്സൻ സീമ കണ്ണൻ, സ്കൈ കോഓഡിനേറ്റർ വി.എ. ഷംസുദ്ദീൻ എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.