നോർത്ത് കളമശ്ശേരി ദേശീയപാതയിൽ അപകടം പതിവാകുന്നു
text_fieldsകളമശ്ശേരി: തിരക്കേറിയ ദേശീയപാത നോർത്ത് കളമശ്ശേരി ഭാഗത്ത് അപകടങ്ങൾ പതിവാകുന്നു. കളമശ്ശേരി മെട്രോ സ്റ്റേഷൻ മുതൽ പഴയ പെട്രോൾ പമ്പ് സ്ഥിതിചെയ്തിരുന്ന ഭാഗം വരെയുള്ള പാതയിലാണ് അപകടങ്ങൾ പതിവായത്. 2021ൽ ഇവിടെ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ ചരക്ക് ലോറിയിൽ തട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ് സ്ത്രീ മരണപ്പെട്ടിരുന്നു. 2022 ഡിസംബറിൽ മാതാവിനെ ജോലിസ്ഥലത്തെത്തിച്ച് മടങ്ങുകയായിരുന്ന യുവാവ് ബൈക്ക് ചരക്ക് ലോറിക്കടിയിൽപ്പെട്ട് മരിച്ചു. 2023 മാർച്ചിൽ ആലുവ കിഴക്കേ കടുങ്ങല്ലൂർ സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ ഇന്ധന ടാങ്കർ ലോറി തട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ് ലോറിക്കടിയിൽപ്പെട്ട് ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഈ സംഭവത്തിന്റെ ആവർത്തനമാണ് വ്യാഴാഴ്ച രാത്രിയുണ്ടായത്. ചരക്ക് ലോറിക്കടിയിൽപ്പെട്ട് ചേർത്തല സ്വദേശിയായ ബൈക്ക് യാത്രികനാണ് ദാരുണാന്ത്യം സംഭവിച്ചത്. അപകടത്തിൽ പെട്ട വാഹനങ്ങളെല്ലാം ഒരേ ദിശയിലാണ് വന്നത്.
നാലുവരിപ്പാതയിൽ ആലുവ ഭാഗത്തേക്കുള്ള ഈ ഭാഗത്ത് വീതികുറവുള്ളതും വളവും അപകടങ്ങൾക്ക് വഴിവെക്കുന്നതായാണ് ചൂണ്ടിക്കാണിക്കുന്നത്. രാവിലെ മുതൽ പാത നിറഞ്ഞാണ് വാഹനങ്ങൾ നീങ്ങുന്നത്. ഇതിന്റെ ബുദ്ധിമുട്ട് ടി.വി.എസ് കവല വരെ അനുഭവപ്പെടുന്നുണ്ട്. ഇതിനിടയിലുള്ള രണ്ട് ഇടറോഡുകളിൽ നിന്ന് കയറിവരുന്ന വാഹനങ്ങളും അപകടങ്ങൾക്ക് വഴിവെക്കുന്നു. കഴിഞ്ഞ ദിവസം നടന്ന അപകടത്തിന്റെ പ്രധാനകാരണം ഇതേ റോഡിൽ നിന്ന് കടന്നുവന്ന മറ്റൊരു വാഹനമാണെന്ന് സംശയമുണ്ട്. പാതയിലേക്ക് മാർക്കറ്റ് റോഡിൽ നിന്നും കടന്നുവന്ന കാറിൽ തട്ടാതിരിക്കാൻ വെട്ടിച്ച ൈബക്ക് നിയന്ത്രണം വിട്ടതോടെ പിന്നാലെവന്ന ചരക്ക് ലോറി തട്ടി മറിയുകയായിരുന്നു. യാത്രികൻ ചരക്കുലോറിക്കടിയിലേക്ക് തെറിച്ചുവീണ് ലോറിയുടെ ചക്രം കയറിയിറങ്ങി തൽക്ഷണം മരിച്ചു.
സ്ഥലത്തുള്ള ബസ് സ്റ്റോപ്പും ഗതാഗത തടസ്സങ്ങൾക്ക് വഴിവെക്കുന്നതായ പരാതി ഉണ്ട്. പാത വികസനത്തിൽ സ്റ്റോപ്പിനായി പ്രത്യേക സ്ഥലം മെട്രോ സ്റ്റേഷന് തെക്ക് ഭാഗത്തായി ഒരുക്കിയിരുന്നു. എന്നാൽ, സ്റ്റോപ്പ് അങ്ങോട്ട് മാറ്റാൻ നടപടി ഉണ്ടായില്ല. ബസ് സ്റ്റോപ്പ് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ പ്രദേശത്തെ റസിഡൻസ് അസോസിയേഷൻ പരാതി നൽകിയിരുന്നു. എന്നാൽ നടപടിയൊന്നുമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.