കുസാറ്റിൽ സംഘർഷം; 14 എസ്.എഫ്.ഐക്കാർക്കെതിരെ കേസ്
text_fieldsകളമശ്ശേരി: കൊച്ചി സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ കെ.എസ്.യു പ്രവർത്തകർ താമസിക്കുന്ന ഹോസ്റ്റലിന് മുന്നിൽ സംഘർഷം. നാല് ബി.ടെക് നാലാം വർഷ വിദ്യാർഥികൾക്ക് നേരെ ആക്രമണമുണ്ടായി. 14 എസ്.എഫ്.ഐക്കാർക്കെതിരെ കേസെടുത്തു. സർവകലാശാല സഹാറ ഹോസ്റ്റലിലെ താമസക്കാരായ അഭിനവ്, റയാൻ, ശ്രീറാംകുറുപ്പ്, സിയാദ് എന്നിവർക്ക് നേരെയാണ് ആക്രമണം നടന്നത്. പരിക്കേറ്റ ഇവർ കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സ തേടി.
സംഭവത്തിൽ എസ്.എഫ്.ഐക്കാരായ അർജുൻ ആനന്ദ്, തൃപൻ രാജ്, നയീം, മെൽബിൻ, റിഥിൻ, രോഹിത്, പ്രണവ്, ഹൃതിൻ, ജിതിൻ, അശ്വന്ദ്, ഹാരിസ് മെഹറൂഫ് കണ്ടാലറിയാവുന്ന മറ്റ് മൂന്നുപേർ എന്നിങ്ങനെയാണ് കളമശ്ശേരി പൊലീസ് കേസെടുത്തത്. ശനിയാഴ്ച പുലർച്ച ഒന്നോടെയാണ് ആക്രമണം.
യൂനിയൻ തെരഞ്ഞെടുപ്പിൽ വിജയികളായ എസ്.എഫ്.ഐ പ്രവർത്തകർ ഹോസ്റ്റലിന് മുന്നിലെത്തി പടക്കം പൊട്ടിച്ച് ആഹ്ലാദം പ്രകടിപ്പിച്ചു. ഇതിനെതിരെ ഹോസ്റ്റലിനകത്ത് നിന്നവർ കൂകി പ്രതിഷേധിച്ചു. ഇതിനിടെ ഹോസ്റ്റലിന് പുറത്ത് നിന്ന നാല് കെ.എസ്.യു പ്രവർത്തകരെ സംഘം തടഞ്ഞുനിർത്തി മർദിച്ചെന്നും കൈയിൽ കരുതിയിരുന്ന ബൈക്ക് ചെയിൻ ഉപയോഗിച്ച് അടിച്ചെന്നുമാണ് പരിക്കേറ്റവർ പൊലീസിന് പരാതി നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.