കുസാറ്റ്: മോണരോഗത്തിന് ഫലപ്രദമായ ചികിത്സയുമായി ഗവേഷകർ
text_fieldsകളമശ്ശേരി: പ്രായമായവരിൽ പല്ല് കൊഴിയുന്നതിനുള്ള കാരണമായ മോണരോഗത്തിന് ചികിത്സയുമായി ഗവേഷകർ. തിരുവനന്തപുരം പി.എം.എസ് ഡെന്റൽ കോളജിലെ മോണരോഗ വിദഗ്ധരും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഗവേഷകരും നടത്തിയ ഗവേഷണമാണ് വിജയം കണ്ടിരിക്കുന്നത്. മോണയിലേക്ക് മരുന്ന് നിയന്ത്രിതമായി പുറത്തുവിടുന്നതും പല്ലിനും മോണക്കും ഇടയിൽ വെക്കാവുന്നതുമായ നൂതനവും ബയോ-കംപാറ്റിബിളുമായ ഫിലിം മെട്രിക്സ് വികസിപ്പിച്ചിരിക്കുകയാണ് ഗവേഷകർ. അതിന്റെ പേറ്റന്റും കരസ്ഥമാക്കി.
മരുന്ന് പുറത്ത് വിടുന്നതിന് പാർശ്വഫലങ്ങൾ ഒന്നും ഇല്ലാതെ ഡീഗ്രേഡ് ചെയ്തുപോകുന്ന ഒന്നാണ് ഫിലിം മെട്രിക്സ്. ബയോഡിഗ്രേഡബിളായ പോളിമറുകളുടെ പാളികൾ ഉപയോഗിച്ചാണ് മെട്രിക്സ് തയാറാക്കുന്നത്. മരുന്ന് ആദ്യമണിക്കൂറുകളിൽ വേഗത്തിലും ഏഴു മുതൽ 10 ദിവസംവരെ മോണക്കുള്ളിലേക്ക് സാവധാനത്തിൽ മരുന്ന് എത്തിക്കാനും പോളിമർ മെട്രിക്സിന്റെ ആനുപാതിക ഘടന മാറ്റുന്നത് വഴി സാധിക്കും.
പി.എം.എസ് ഡെന്റൽ കോളജ് മോണരോഗ വിഭാഗം മേധാവി ഡോ. അമ്പിളിയുടെ മേൽനോട്ടത്തിൽ ഗവേഷണ വിദ്യാർഥിനിയായ കോതമംഗലം സെന്റ് ഗ്രിഗോറിയോസ് ഡെന്റൽ കോളജ്, പെരിയോഡോൺട്ടിക്സ് ഡിപ്പാർട്മെന്റ് പ്രഫ. ഡോ. അനിലയും കുസാറ്റ് ഫിസിക്സ് വകുപ്പിലെ അസോ. പ്രഫസറും വകുപ്പ് മേധാവിയുമായ ഡോ. ആൽഡ്രിൻ ആന്റണിയുടെ കീഴിൽ സെന്റർ ഓഫ് എക്സലൻസ് ഇൻ അഡ്വാൻസ്ഡ് മെറ്റീരിയൽസിലെ ഗവേഷണ വിദ്യാർഥിനി ധന്യ ജേക്കബും ചേർന്നാണ് മെട്രിക്സ് വികസിപ്പിച്ചെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.