നികിത ഗാന്ധിയുടെ പരിപാടി അറിയിച്ചിരുന്നില്ലെന്ന കുസാറ്റ് വാദം പൊളിയുന്നു
text_fieldsകളമശ്ശേരി: ഓപണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ വലിയ സംഗീതപരിപാടിയാണ് നടക്കാന്‍ പോകുന്നതെന്ന് സംഘാടക സമിതി ഔദ്യോഗികമായി അറിയിച്ചിരുന്നില്ലെന്ന കൊച്ചി സർവകലാശാലയുടെ വാദം പൊളിയുന്നു.
പരിപാടിയുടെ നാല് ദിവസം മുമ്പ് മാധ്യമങ്ങൾക്ക് സർവകലാശാല നൽകിയ വാർത്തക്കുറിപ്പിൽ നികിത ഗാന്ധിയുടെ സംഗീതനിശയെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. തിക്കിലും തിരക്കിലും മൂന്ന് വിദ്യാർഥികൾ ഉൾപ്പെടെ നാലുപേർ മരിക്കാനിടയായ സംഭവത്തിൽ ഉന്നത അന്വേഷണവും തെളിവെടുപ്പുകളും നടന്നുകൊണ്ടിരിക്കെ കുസാറ്റ് ഇറക്കിയ വിശദീകരണമാണ് പൊളിയുന്നത്.
നവംബര്‍ 24 മുതല്‍ 26 വരെ കുസാറ്റ് എസ്.ഒ.ഇ കാമ്പസില്‍ നടക്കുന്ന ടെക്ഫെസ്റ്റായ ‘ധിഷണ’ സംബന്ധിച്ച് 21 ന് മാധ്യമങ്ങൾക്ക് നൽകിയ പത്രക്കുറിപ്പിൽ ബോളിവുഡ് ഗായിക നികിത ഗാന്ധിയുടെ ഗാനസന്ധ്യയുണ്ടെന്നും സ്കൂള്‍ കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രവേശനമുണ്ടാകുമെന്നും പറയുന്നുണ്ട്. എന്നാൽ, ദുരന്തത്തിന്റെ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറി, പരിപാടിയുടെ തലേന്ന് നല്കിയ കത്തില്‍പോലും പ്രിന്‍സിപ്പല്‍ ഇക്കാര്യം പറഞ്ഞിരുന്നില്ലയെന്നതുൾപ്പെടെയുള്ള വിശദീകരണമാണ് സർവകലാശാല ഇറക്കിയിരിക്കുന്നത്.
അതേസമയം, പുറമേനിന്നുള്ള ഗാനമേളകളോ പ്രഫഷനല്‍ ഗാനമേളകളോ നടത്താന്‍ പാടില്ല എന്നാണ് സർവകലാശാല നിയമം. എന്നാൽ, 2023 ജനുവരിയിൽ നടന്ന വിദ്യാർഥി യൂനിയൻ പരിപാടിയിൽ കേരളത്തിലെ പ്രശസ്ത ബാൻഡിന്റെ സംഗീതനിശ നടത്താൻ അനുമതി നൽകിയിരുന്നുവെന്ന ആക്ഷേപവും ഉയരുകയാണ്.
ഇന്ന് ക്ലാസ് പുനരാരംഭിക്കും
കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സ്കൂള്‍ ഓഫ് എൻജിനീയറിങ്ങിൽ (എസ്.ഒ.ഇ) വ്യാഴാഴ്ച ക്ലാസ് പുനരാരംഭിക്കും. ടെക്ഫെസ്റ്റായ ‘ധിഷണ -23’ന്റെ ഭാഗമായി നടന്ന സംഗീതനിശക്കിടെയുണ്ടായ അപകടത്തെതുടര്‍ന്ന് മൂന്നുദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.