മഞ്ഞുമ്മലിലെ ജില്ല മരുന്ന് സംഭരണശാല പ്രവർത്തനം അഗ്നിരക്ഷ സംവിധാനങ്ങളില്ലാതെ
text_fieldsകളമശ്ശേരി: കേരള മെഡിക്കൽ സർവിസ് കോർപറേഷന്റെ മഞ്ഞുമ്മലിലെ ജില്ല മരുന്ന് സംഭരണശാല പ്രവർത്തിക്കുന്നത് അഗ്നിരക്ഷ സംവിധാനങ്ങളില്ലാതെ. കഴക്കൂട്ടത്തെ കോർപറേഷന്റെ ഗോഡൗണിൽ അഗ്നിബാധ ഉണ്ടായതിനെ തുടർന്ന് ഏലൂർ ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്ഥാപനത്തിൽ കുറവുകൾ കണ്ടെത്തിയത്. മഞ്ഞുമ്മലിൽ സ്വകാര്യവ്യക്തിയുടെ വാടകക്കെടുത്ത മൂന്നുനില കെട്ടിടത്തിലാണ് കേരള മെഡിക്കൽ സർവിസ് കോർപറേഷന്റെ വെയർഹൗസ് പ്രവർത്തിക്കുന്നത്. തീപിടിത്തം ഉണ്ടായാൽ വെള്ളം എടുക്കാനുള്ള ജലസംഭരണി ഉപയോഗശൂന്യമാണ്. കെട്ടിടത്തിൽ സ്ഥാപിച്ചിരിക്കുന്ന അഗ്നിരക്ഷാ സംവിധാനങ്ങൾ പൂർണമായും കാലഹരണപ്പെട്ടതും ഉപയോഗശൂന്യവുമാണ്.
കെട്ടിടത്തിന് മെർക്കൻടൈൽ വിഭാഗത്തിലാണ് ഫയർ എൻ.ഒ.സി നൽകിയിരിക്കുന്നത്. കെട്ടിടം ഇപ്പോൾ സ്റ്റോറേജ് വിഭാഗത്തിലാണ് ഉപയോഗിക്കുന്നത്. എന്നാൽ, എൻ.ഒ.സി പുതുക്കിയിട്ടുമില്ല. കെട്ടിടത്തിൽ ഉണ്ടായിരിക്കേണ്ട ഫയർ ഏണിപ്പടി മൂന്നാം നിലയിൽ നിന്നും ടെറസ് ഫ്ലോറിലേക്കെത്താത്ത നിലയിലാണ്. ഈ ഏണിപ്പടി എല്ലാ നിലയിലും അടച്ച നിലയിലുമാണ്. കൂടാതെ താഴത്തെ നിലയിൽ നിന്നും തുറസ്സായ നിലയിലേക്ക് എത്തുന്നുമില്ല. അതേസമയം, ടെറസിലേക്കുള്ള പ്രധാന ചവിട്ടുപടി അടച്ചിരിക്കുകയാണ്. അതിനാൽ സ്ഥാപനം സുരക്ഷിതമല്ലെന്നാണ് അഗ്നിരക്ഷാസേനയുടെ പരിശോധനയിൽ കണ്ടെത്തിയത്. ഇതേ തുടർന്ന് വെയർഹൗസ് മാനേജർക്ക് നോട്ടീസ് നൽകിയിരിക്കുകയാണ്. 2019ൽ നടത്തിയ പരിശോധനയിലും അഗ്നിരക്ഷാ സംവിധാനങ്ങളില്ലാത്തതിന്റെ പേരിൽ നോട്ടീസ് നൽകിയിരുന്നതായി ഫയർ ഓഫിസർ രഞ്ജിത്കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.