പെരിയാർ മലിനീകരണം തടയാൻ സർവൈലൻസ് ബോട്ടുകളിറക്കി പരിസ്ഥിതി സംഘടനകൾ
text_fieldsകളമശ്ശേരി: പെരിയാറിലെ മലിനീകരണം കണ്ടെത്തുന്നതിനും നിരീക്ഷിക്കുന്നതിനുമായി പരിസ്ഥിതി സംഘടനകൾ ചേർന്നൊരുക്കിയ സർവൈലൻസ് ബോട്ടുകൾ ജലത്തിലിറക്കി. മലിനീകരണം നേരിട്ടനുഭവിച്ചുകൊണ്ടിരിക്കുന്ന പാതാളം റെഗുലേറ്റർ ബ്രിഡ്ജിന് ഇരു ഭാഗത്തും പ്രവർത്തിക്കുന്ന നിലയിൽ രണ്ട് ബോട്ടുകളാണിറക്കിയത്.
ഏലൂരിലെ ജനജാഗ്രത സമിതിയും പെരിയാർ മലിനീകരണ വിരുദ്ധ സമിതിയും സംയുക്തമായി മത്സ്യെത്തൊഴിലാളികളുടെ സഹകരണത്തോടെ സജ്ജമാക്കിയ ബോട്ടുകൾ ഏലൂർ നഗരസഭ ചെയർമാൻ എ.ഡി. സുജിലും കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിലും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.
പെരിയാറിലെ മലിനീകരണം കണ്ടെത്തുന്നതിനും അടുത്തറിയുന്നതിനുമായി ഒരു സംവിധാനം വേണമെന്ന 20 വർഷത്തോളമായുള്ള നിരന്തരമായ ആവശ്യം നിറവേറ്റാൻ അധികൃതർക്കായിട്ടില്ല. മലിനീകരണത്തിന്റെ ഉറവിടം ഉടൻ കണ്ടെത്താനും അതിന്റെ സാമ്പിൾ ശേഖരിക്കാനുമാണ് പ്രധാനമായും ലക്ഷ്യം വെക്കുന്നതെന്ന് സംഘാടക സമിതി അംഗം പുരുഷൻ ഏലൂർ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെംബർ അബൂബക്കർ, അഡ്വ. ടി.ബി. മിനി, മുസ്ലിം ലീഗ് ഏലൂർ ടൗൺ പ്രസിഡൻറ് പി.എം. അബൂബക്കർ, സി.പി.എം ലോക്കൽ സെക്രട്ടറിമാരായ പി.എ. ഷിബു, സുലൈമാൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റസാഖ്, സി.പി.ഐ ലോക്കൽ സെക്രട്ടറി ജെയിംസ്, എൻ.സി.പി ദേശീയ സമിതി അംഗം പി.ഡി. ജോൺസൺ, നാഷനലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം.എൻ. ഗിരി, വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് കെ.എച്ച്. സദഖത്ത്, ജനറൽ സെക്രട്ടറി ഷംസുദീൻ എടയാർ തുടങ്ങിയവർ പങ്കെടുത്തു.
ചടങ്ങിനോടനുബന്ധിച്ച് സ്റ്റേഷൻ എസ്.ഐ റോയ് ഫ്രാൻസിസ് പെരിയാർ തീരത്ത് ഇല്ലിതൈ നട്ടു. മഴക്കാലപൂർവ ശുചീകരണ പരിപാടിയുടെ ഭാഗമായി മേയ് അവസാന വാരം പെരിയാറിന്റെ ഇരു തീരങ്ങളിലുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ഹരിതകർമസേനക്ക് കൈമാറുമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.