സാധാരണക്കാർക്ക് പ്രതീക്ഷ; എറണാകുളം മെഡിക്കല്‍ കോളജിന് 10 കോടിയുടെ വികസന പദ്ധതിക്ക് അനുമതി
text_fieldsകളമശ്ശേരി: എറണാകുളം മെഡിക്കൽ കോളജിന്റെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടിയുടെ ഭരണാനുമതി ലഭിച്ചതോടെ സാധാരണക്കാരുടെ പ്രതീക്ഷകൾക്ക് വഴി തുറക്കുന്നു. സഹകരണ വകുപ്പിൽനിന്ന് സർക്കാർ മെഡിക്കൽ കോളജായി ഏറ്റെടുത്ത എറണാകുളം ഗവ. മെഡിക്കൽ കോളജിന് സാധാരണക്കാരുടെ പ്രതീക്ഷക്കൊത്ത് ഉയരാനായിരുന്നില്ല. ചില വിദഗ്ധ ചികിത്സകൾക്കായി ഇന്നും രോഗികൾ മറ്റു മെഡിക്കൽ കോളജുകളെയും സ്വകാര്യ ആശുപത്രികളെയുമാണ് ആശ്രയിക്കുന്നത്. ആശുപത്രി ഉപകരണങ്ങള്‍ക്കും സാമഗ്രികള്‍ക്കുമായി 8.14 കോടിയും വാര്‍ഷിക അറ്റകുറ്റപ്പണിക്കും നവീകരണത്തിനുമായി 1.86 കോടിയുമാണ് അനുവദിച്ചിരിക്കുന്നത്. ഇതിലൂടെ എറണാകുളം മെഡിക്കല്‍ കോളജില്‍ കൂടുതല്‍ വികസനം സാധ്യമാകുമെന്നാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കിയത്.
പള്‍മണോളജി വിഭാഗത്തില്‍ 1.10 കോടിയുടെ എന്‍ഡോബ്രോങ്കിയല്‍ അള്‍ട്രാസൗണ്ട് (ഇ.ബി.യു.എസ്), കാര്‍ഡിയോളജി വിഭാഗത്തില്‍ 1.20 കോടിയുടെ കാര്‍ഡിയാക് ഒ.സി.ടി വിത്ത് എഫ്.എഫ്.ആര്, റേഡിയോ ഡയഗ്നോസിസ് വിഭാഗത്തില്‍ 42 ലക്ഷം രൂപയുടെ അള്‍ട്രാസൗണ്ട് മെഷീന് വിത്ത് കളര്‍ ഡോപ്ലര്‍ 3ഡി, 4ഡി ഹൈ എന്‍ഡ് മോഡല്‍, ഇ.എന്‍.ടി വിഭാഗത്തില്‍ ഓപറേറ്റിങ് മൈക്രോസ്കോപ്, അനസ്തേഷ്യ വിഭാഗത്തില്‍ ഡിഫിബ്രിലേറ്റര്‍, അനസ്തേഷ്യ വര്‍ക്ക് സ്റ്റേഷന്, മെഡിസിന് വിഭാഗത്തില്‍ 2 ഡിഫിബ്രിലേറ്റര്‍, സര്‍ജറി വിഭാഗത്തില്‍ ലാപറോസ്കോപിക് ഇന്സുഫ്ലേറ്റര്, വിവിധ വിഭാഗങ്ങളിലെ കെമിക്കലുകള്‍, ഗ്ലാസ് വെയര്‍, എക്സ്റേ, സി.ടി, എം.ആര്.ഐ ഫിലിം, മെഡിക്കല്‍ ഗ്യാസ്, ബ്ലഡ് ബാഗ് തുടങ്ങിയവ സജ്ജമാക്കും.
അഡ്മിനിസ്ട്രേഷന് ബ്ലോക്കിലും പത്തോളജി ബ്ലോക്കിലും എന്‍.എം.സി മാര്‍ഗനിര്‍ദേശമനുസരിച്ചുള്ള സി.സി ടി.വി സിസ്റ്റം, അഡ്മിനിസ്ട്രേഷന് ബ്ലോക്കിലും ഹോസ്പിറ്റല്‍ ബ്ലോക്കിലും ബയോമെട്രിക് പഞ്ചിങ് സിസ്റ്റം, ഓഫ്താല്മോളജി വിഭാഗത്തില്‍ മോട്ടോറൈസ്ഡ് ഒ.ടി. ടേബിള്‍, ഇ.എന്‍.ടി വിഭാഗത്തില്‍ മാനിക്വിന്‍സ്, ഹിസ്റ്റോപത്തോളജി വിഭാഗത്തില്‍ മോണോക്യുലര്‍ മൈക്രോസ്കോപ്പ്, മൈക്രോബയോളജി വിഭാഗത്തില്‍ ഇന്‍ക്യുബേറ്റര്‍ ലാര്‍ജ് തുടങ്ങിയ വിവിധ ആശുപത്രി സാമഗ്രികള്‍ക്കും തുകയനുവദിച്ചു.
കൂടാതെ സിവില്‍- ഇലക്ട്രിക്കല്‍ വാര്‍ഷിക മെയിന്റനന്‍സ്, കാര്‍ഡിയോളജി ബ്ലോക്കിലെ നവീകരണം എന്നിവക്കും തുക അനുവദിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.