കാലാവധി കഴിഞ്ഞ പച്ചക്കറികളും പഴവർഗങ്ങളും പിടികൂടി
text_fieldsകളമശ്ശേരി: കാലാവധി കഴിഞ്ഞ പച്ചക്കറികളും പഴവർഗങ്ങളും ശേഖരിച്ച് വിൽപന നടത്തിവന്നത് നഗരസഭ ആരോഗ്യവിഭാഗം പിടികൂടി നശിപ്പിച്ചു. പള്ളിലാംകര ഭാഗത്ത് അനധികൃതമായി സൂക്ഷിച്ചിരുന്ന പച്ചക്കറികളും പഴവർഗങ്ങളുമാണ് നശിപ്പിച്ചത്. അധികൃതർക്ക് ലഭിച്ച പരാതിയെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. സാമുവൽ ജോർജ് എന്നയാൾ പള്ളിലാംകരയിൽ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് അനധികൃതമായി നിർമിച്ച കെട്ടിടം വാടകക്കെടുത്ത് പ്രവർത്തിച്ചിരുന്നതാണ് പിടികൂടിയത്.
ചില സൂപ്പർമാർക്കറ്റുകളിൽനിന്നും കാലാവധി കഴിഞ്ഞ പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ അനധികൃതമായി ശേഖരിച്ച്, കാലാവധി സമയം പതിച്ച സ്റ്റിക്കർ നീക്കം ചെയ്ത ശേഷം വീണ്ടും ഹോട്ടലുകളിലും മറ്റും വിറ്റഴിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സ്ഥാപനത്തിന് നഗരസഭ ലൈസൻസ്, അടിസ്ഥാന സൗകര്യങ്ങൾ, വേസ്റ്റ് മാനേജ്മെൻറ് തുടങ്ങി ഒന്നും ഇല്ലായിരുന്നുവെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. 235 കിലോയോളം തൂക്കം വരുന്ന ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കളാണ് പിടിച്ചെടുത്തത്. നഗരസഭ ഹെൽത്ത് സൂപ്പർവൈസർ കെ.ബി. വിൽസൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി. സുനിൽ, സന്തോഷ് ഫിലിപ്, ആന്റലീന കെ. കുര്യൻ, എം.എൻ. ധൻരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പിടിച്ചെടുത്തവ പിന്നീട് നശിപ്പിച്ചു. അനധികൃതമായി കച്ചവടം നടത്തിയവർക്കെതിരെ നോട്ടീസ് നൽകുമെന്നും കനത്ത പിഴ ഈടാക്കുമെന്നും നഗരസഭ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.