പടക്കനിർമാണ ശാലയിലെ പൊട്ടിത്തെറി; പ്രകമ്പനത്തിൽ നടുങ്ങി ഏലൂർ വ്യവസായ മേഖല
text_fieldsകളമശ്ശേരി: മുട്ടിനകത്തെ പടക്കനിർമാണ ശാലയിലെ പൊട്ടിത്തെറിയുടെ പ്രകമ്പനത്തിൽ നടുങ്ങി വരാപ്പുഴയുടെ എതിർവശത്തുള്ള ഏലൂർ വ്യവസായ മേഖല. പ്രകമ്പനത്തിൽ ജനം പരിഭ്രാന്തിയിലാകുകയും വീടുകൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു. ഏലൂർ ഡിപ്പോ, പള്ളിപ്പുറംചാൽ, മണലിപള്ളം എന്നിവിടങ്ങളിൽ പ്രകമ്പനത്തിന്റെ ആഘാതം ഏറ്റു. വീടുകളിലെ ജനൽ ചില്ലുകൾ തകർന്നു. അടുക്കളകളിൽ പാത്രങ്ങൾ തെറിച്ചുവീഴുകയും ഗ്ലാസുകൾ ഉടയുകയും സീലിങ് തകർന്ന് വീഴുന്ന അനുഭവങ്ങളും ഉണ്ടായി. കട്ടിലിലും സോഫയിലും കിടന്നവർ താഴെ വീണു. വ്യവസായ മേഖലയായതിനാൽ പല ചിന്തകളാണ് ഓടി വന്നത്. പ്രദേശത്തെ ഗ്യാസ് ഗോഡൗണിൽ നിന്നാണോ എന്നും ഭൂചലനമാണോയെന്നും ആളുകളിൽ പലരും സംശയിച്ചു.
ഡിപ്പോയിലെ ചില്ലുകൂട്ടത്തിൽ ആന്റണി ജിമോന്റെ വീടിനകത്തെ സീലിങ് തകർന്ന് വീണു. കുട്ടികൾ കളിച്ചുകൊണ്ടിരിക്കെയാണ് സംഭവം. ശബ്ദം കേട്ടതോടെ കുട്ടികളെയും കൂട്ടി പുറത്തേക്കോടിയതായി വീട്ടമ്മ പറഞ്ഞു. വാടക്കൻ വീട്ടിൽ വർഗീസിന്റെ വീട്ടിലെ സീലിങ് തകരുകയും അടുക്കളയിൽ പാത്രങ്ങൾ തെറിച്ചുവീഴുകയും ചെയ്തു. അകത്തെ പള്ളിപറമ്പിൽ മുംതാസിന്റെ മൂന്ന് ജനൽ പാളികളിലെ ചില്ലുകൾ അടർന്നുവീണു. മണലി പള്ളത്ത് സീമ ബിജു വീട്ടിലും ഡിപ്പോ ഓഫിസിന്റെ ചില്ലുകളും തകർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.