ലണ്ടൻ -കൊച്ചി വിമാനത്തെ 'പ്രസവമുറി'യാക്കി മാറ്റിയ അനുഭവം പങ്കിട്ട് ആരോഗ്യ പ്രവർത്തകർ
text_fieldsകളമശ്ശേരി: ലണ്ടൻ -കൊച്ചി എയർ ഇന്ത്യ വിമാനത്തെ പ്രസവമുറിയാക്കി മാറ്റിയ അനുഭവം ആരോഗ്യ പ്രവർത്തകർക്ക് മറക്കാനാകില്ല. ആകാശയാത്രക്കിടെ സംഭവിച്ച അപൂർവ 'ഡ്യൂട്ടി' രണ്ട് ഡോക്ടർമാരും അഞ്ച് നഴ്സുമാരും അടങ്ങുന്ന സംഘം വിജയകരമായി പൂർത്തിയാക്കുകയായിരുന്നു. ഡോ. ഇൻഷാദ് ഇബ്രാഹിം, ഡോ. റിച്ച ഫിലിപ്സ്, നഴ്സുമാരായ പ്രജീഷ്, ലീല ബേബി, ജൈസൺ, മറിയാമ്മ, സ്റ്റെഫി എന്നിവർ ചേർന്നാണ് പത്തനംതിട്ട സ്വദേശിനി മരിയ ഫിലിപ്പിെൻറ പ്രസവമെടുത്തത്.
ആശങ്ക നിറഞ്ഞ നിമിഷങ്ങളായിരുന്നുവെങ്കിലും മനോധൈര്യം കൈവിട്ടില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് ഏഴുമാസം ഗർഭിണിയായിരുന്ന മരിയക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ആ സമയം വിമാനം കരിങ്കടലിന് മുകളിലായിരുന്നു. പ്രസവത്തിന് സൗകര്യമൊരുക്കാൻ കാബിൻ ജീവനക്കാരോടാവശ്യപ്പെട്ടു. ജീവനക്കാർ തലയിണകളും തുണികളും ഉപയോഗിച്ച് താൽക്കാലിക പ്രസവമുറി ഒരുക്കി. പ്രസവമുറികളിലോ യൂനിറ്റിലോ പരിചയമില്ലാതിരുന്നിട്ടും ധൈര്യം സംഭരിച്ച് ഡോ. ഇൻഷാദ് കുട്ടിയെ പുറത്തെടുത്തു. കുട്ടി കരയാതെ വന്നതോടെ എല്ലാവരിലും ആശങ്കയായി. പിന്നാലെ കൈയിൽ കമിഴ്ത്തി കിടത്തി തട്ടിക്കൊടുത്തപ്പോൾ കരയാൻ തുടങ്ങിയതോടെ ആശ്വാസമായതായി നോർത്ത് പറവൂർ കുന്നുകര സ്വദേശി ഇൻഷാദ് 'മാധ്യമ'ത്തോട് പറഞ്ഞു.
ഇതിനിടെ, പൊക്കിൾക്കൊടി വേർപ്പെടുത്താനുള്ള കത്രികക്കായും അന്വേഷണമായി. ടൂൾകിറ്റുകൾക്കിടയിൽനിന്ന് ലഭിച്ച കത്രിക ഉപയോഗിച്ച് ഐ.സി.യു പരിചയമുള്ള പ്രജീഷ് പൊക്കിൾക്കൊടി േവർപെടുത്തി. പ്ലാസൻറ നഴ്സ് ലീലാ ബേബി എടുത്ത് മാറ്റി. ഫ്ലൈറ്റിൽനിന്ന് ലഭിച്ച കിറ്റ് ഉപയോഗിച്ച് മാതാവിന് ട്രിപ്പും നൽകി. കുട്ടിയുടെ ഹൃദയമിടിപ്പ് പരിശോധിച്ച് കുഴപ്പമില്ലെന്ന് മനസ്സിലായി. യാത്രക്കാരിൽനിന്ന് ലഭിച്ച ചെറിയ പുതപ്പിൽ കുട്ടിയെ പുതപ്പിച്ച് നഴ്സ് സ്റ്റെഫി കൈയിൽ പിടിച്ചു. മാതാവിെൻറ പ്രഷർ നോക്കാനുള്ള ഉപകരണവും യാത്രക്കാർക്കിടയിൽനിന്ന് കണ്ടെത്തി പരിശോധിച്ചു. ഇതിനിടെ ഫ്ലൈറ്റ് ക്യാപ്റ്റനും പൈലറ്റുമെത്തി അഭിനന്ദനമറിയിച്ചു. കൊച്ചിയിലേക്ക് എത്താൻ ഏഴ് മണിക്കൂർ കൂടി വേണമായിരുന്നു. കുഞ്ഞിന് ആരോഗ്യപ്രശ്നമില്ലെങ്കിലും മൂന്ന് മണിക്കൂറിനകം ഇരുവർക്കും മെഡിക്കൽ സഹായം അത്യാവശ്യമാണെന്ന് ഡോക്ടർമാർ പറഞ്ഞു. ഈ സമയം കരിങ്കടലിനുകുറുകെ ബൾഗേറിയ വ്യോമ പാതയിലൂടെ പോവുകയായിരുന്നു വിമാനം. എയർ ഇന്ത്യ ഹെഡ് ഓഫിസുമായി ബന്ധപ്പെട്ട് ജർമനിയിലെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിലിറങ്ങാൻ സൗകര്യമൊരുക്കി. അവിടെ അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി കൈമാറി ജീവിതത്തിലെ വലിയ ഒരു ദൗത്യം ഏറ്റെടുത്ത് വിജയിച്ച സംതൃപ്തിയിൽ കൊച്ചിയിലേക്ക് യാത്ര തിരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.