എച്ച്.എം.ടി ജങ്ഷൻ വികസനം: അനക്കമില്ലാതെ അധികൃതർ
text_fieldsകളമശ്ശേരി: കോടികൾ െചലവിട്ട് എച്ച്.എം.ടി റോഡിലെ പാതയോരം മോടി കൂട്ടാനൊരുങ്ങുമ്പോൾ ജങ്ഷൻ വികസനത്തിന് നടപടിയില്ല. ഗതാഗതക്കുരുക്കും അപകടഭീതിയും നിലനിൽക്കുന്ന എച്ച്.എം.ടി ജങ്ഷൻ വികസന കാര്യത്തിലാണ് അധികൃതരുടെ അനാസ്ഥ.
പല ഭാഗത്തുനിന്നുള്ള ആവശ്യം പരിഗണിച്ച് വർഷങ്ങൾ മുമ്പേ ജങ്ഷനിലെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിച്ച് റോഡ് വീതി കൂട്ടിയെങ്കിലും വികസനം നടപ്പാക്കാൻ അധികൃതർക്കായില്ല. വൻ ടാങ്കർ ലോറികൾ അടക്കം കടന്ന് പോകുന്ന ജങ്ഷനിൽ ഏത് സമയത്തും ഗതാഗതത്തിരക്കാണ്. ഒഴിപ്പിച്ച ഭാഗത്ത് കട്ട വിരിച്ചിട്ടിട്ടുണ്ടെങ്കിലും വാഹനങ്ങൾക്ക് കടന്ന് പോകാനുള്ള ക്രമീകരണം ഉണ്ടായിട്ടില്ല. പകരം വാഹന പാർക്കിങ് ഏരിയ ആയിരിക്കുകയാണ്. ജങ്ഷന് മധ്യഭാഗത്ത് ഐലൻഡ് നിർമിച്ച് വാഹനങ്ങൾ കടന്ന് പോകാൻ സൗകര്യം വർധിപ്പിക്കണം, ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന റോഡുകൾക്ക് വീതി കൂട്ടണം, പഴയ റെയിൽവേ മേൽപാലത്തിന് സമാന്തരമായി മറ്റൊന്ന് നിർമിക്കണം തുടങ്ങി ആവശ്യങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. വിവിധ സംഘടനകൾ ജങ്ഷൻ വികസനത്തിെൻറ മാസ്റ്റർപ്ലാൻ തയാറാക്കി മുഖ്യമന്ത്രിക്ക് അടക്കം സമർപ്പിച്ചിരുന്നു.
നിരവധി വിദ്യാഭ്യാസ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന പ്രദേശത്ത് വിദ്യാലയങ്ങൾ തുറന്നാൽ വൻ ഗതാഗതക്കുരുക്ക് അനുഭവിക്കേണ്ടിവരും. ഇക്കാര്യത്തിൽ നഗരസഭയും താൽപര്യം എടുക്കുന്നില്ല. നഗരസഭയിലെ പ്രധാന റോഡുകളുടെ വികസനത്തിന് മെട്രോ 12 കോടി ചെലവിടുന്നതിൽ നാല് കോടിയാണ് എച്ച്.എം.ടി റോഡിനുള്ളത്. യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് കൊണ്ടുവന്ന എച്ച്.എം.ടി ജങ്ഷൻ വികസനം പാതിവഴിയിൽ കിടക്കുകയാണ്. ഇത് പൂർത്തിയാക്കാൻ സർക്കാറും എം.എൽ.എയും താൽപര്യം കാണിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.