കളമശ്ശേരിയിൽ മണ്ണിടിഞ്ഞ് മരിച്ചവരുടെ എണ്ണം നാലായി VIDEO
text_fieldsകൊച്ചി: കളമശ്ശേരിയിൽ കെട്ടിട നിർമാണത്തിന് കുഴിയെടുക്കവെ മണ്ണിടിഞ്ഞുവീണ് നാല് അന്തർ സംസ്ഥാന തൊഴിലാളികൾ മരിച്ചു. മൂന്നുപേരെ രക്ഷിച്ചു. പശ്ചിമബംഗാൾ സ്വദേശികളായ കൊൽക്കത്ത നോർത്ത് 24 പർഗാന അശോക് നഗറിൽ ഫൗജുൽ മണ്ഡൽ (30), കൊദൂസ് മണ്ഡൽ (35), നൗജേഷ് ഷാലി (32), റാലാമിൻ മണ്ഡൽ (30) എന്നിവരാണ് മരിച്ചത്.
എറണാകുളം ഗവ. മെഡിക്കൽ കോളജിനോടുചേർന്ന് നെസ്റ്റ് ഇലക്ട്രോണിക്സ് സിറ്റിയിൽ വെള്ളിയാഴ്ച ഉച്ചക്ക് 2.30നാണ് നാടിനെ നടുക്കിയ സംഭവം. മണ്ണിനടിയിൽ പുതഞ്ഞ് ശ്വാസംമുട്ടിയാണ് എല്ലാവരുടെയും മരണം. മണ്ണിൽ അരയോളം പുതഞ്ഞുകിടന്ന ഫാറൂഖ് മണ്ഡൽ (32), ജൈബുൽ മണ്ഡൽ (25), തൊഴിൽ കരാർ ഏറ്റെടുത്ത പശ്ചിമബംഗാൾ സ്വദേശി തന്നെയായ ഷംസ് എന്നിവരെ അഗ്നിരക്ഷാ സേനയും മറ്റും ചേർന്ന് രക്ഷപ്പെടുത്തി. ഇവർ എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കൂറ്റൻ കെട്ടിടം പണിയാൻ തൂണിന് കോളം വാർക്കാൻ കുഴിയെടുക്കുകയായിരുന്നു തൊഴിലാളികൾ. 25 അടി താഴ്ചയിലാണ് എക്സ്കവേറ്റർ ഉപയോഗിച്ച് കുഴിയെടുത്തത്. ഇതിൽ പത്തടിയോളം മണ്ണിട്ട് ഉയരത്തിൽ നികത്തിയ പ്രദേശമാണിത്. എക്സ്കവേറ്റർകൊണ്ട് കുഴിയെടുക്കുമ്പോൾ അരികുകളിൽനിന്ന് മണ്ണ് നീക്കുന്ന ജോലിയിൽ ഏർപ്പെട്ടതാണ് തൊഴിലാളികൾ. 25 അംഗ സംഘമാണ് പണിയെടുത്തിരുന്നത്. ഉച്ചഭക്ഷണം കഴിഞ്ഞ് ആദ്യം പണിക്കിറങ്ങിയ സംഘമാണ് അപകടത്തിൽപെട്ടത്.
മതിയായ സുരക്ഷാ സജ്ജീകരണമില്ലാതെയാണ് പണിക്ക് ഇറക്കിയതെന്ന് രക്ഷപ്പെട്ട തൊഴിലാളികൾ ആരോപിച്ചു. ഇടക്കിടെ മണ്ണിടിയുന്നത് കണ്ടപ്പോൾ ജോലി ചെയ്യാൻ കഴിയില്ലെന്ന് അറിയിച്ചെങ്കിലും കരാറുകാരൻ സമ്മതിച്ചില്ല. ഇതിനിടെ, മണ്ണ് കയറ്റിയ ടിപ്പർ ലോറികളിൽ ഒന്ന് കുഴിക്ക് സമീപത്തുകൂടെ പോയതോടെ അതിന്‍റെ സമ്മർദത്തിൽ മണ്ണിടിഞ്ഞ് തൊഴിലാളികളുടെ മുകളിൽ വീഴുകയായിരുന്നു.
മണ്ണിനടിയിൽ പത്തടിയോളം താഴ്ചയിൽനിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. മൂന്നു മൃതദേഹങ്ങൾ കെട്ടിപ്പുണർന്ന നിലയിലായിരുന്നു. അഞ്ചര മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. അഞ്ചാമത് ഒരാൾകൂടി മരിച്ചിട്ടുണ്ടെന്ന് സംശയിച്ചെങ്കിലും തൊഴിൽ രേഖകൾ പരിശോധിച്ചാണ് ഇല്ലെന്ന് ഉറപ്പുവരുത്തിയത്.
സ്ഥലത്ത് എത്തിയ കലക്ടർ ജാഫർ മാലിക് നിർമാണം നിർത്തിവെപ്പിച്ചു. പ്രത്യേക സാമ്പത്തിക മേഖലയിൽ ഉൾപ്പെട്ട പ്രദേശത്ത് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നിർമാണങ്ങൾ നടത്തുന്നതെന്ന് ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.