കളമശ്ശേരി സർവിസ് സഹകരണ ബാങ്ക്: പൊളിഞ്ഞത് യു.ഡി.എഫ് നേതൃത്വം ഉണ്ടാക്കിയ ധാരണ
text_fieldsകളമശ്ശേരി: സർവിസ് സഹകരണ ബാങ്കിൽ അവിശ്വാസ പ്രമേയത്തിലൂടെ പ്രസിഡന്റ് പുറത്തായത് യു.ഡി.എഫ് നേതൃത്വം ഉണ്ടാക്കിയ ധാരണക്ക് വിപരീതമായി. ബാങ്കിൽ പ്രസിഡന്റ് ഏകാധിപത്യ ഭരണമാണ് നടത്തുന്നതെന്നും ബോർഡ് അംഗങ്ങളുമായോ പാർട്ടി നേതൃത്വവുമായോ കൂടിയാലോചനകൾ നടത്താതെ നിയമനങ്ങൾ നടത്തുന്നതടക്കമുള്ള ആരോപണങ്ങളുമായി ഡി.സി.സി നേതൃത്വത്തിനും കെ.പി.സി.സി പ്രസിഡന്റിനും ഭരണസമിതിയിലെ എട്ടുപേർ ഒപ്പിട്ട് പരാതി നൽകിയിരുന്നു. ഇതേതുടർന്ന് ബോർഡ് അംഗങ്ങളെ ഉൾപ്പെടുത്തി ഡി.സി.സി നടത്തിയ അനുരഞ്ജന ചർച്ചയിൽ നാല് മാസംകൂടി നിലവിലെ പ്രസിഡന്റ് ടി.കെ. കുട്ടിക്ക് തുടരാൻ ധാരണ ഉണ്ടാക്കുകയായിരുന്നു. ഇതിനിടെയാണ് അവിശ്വാസ പ്രമേയ നോട്ടീസ് ചർച്ചയിൽ ഏഴ് അംഗങ്ങൾ പങ്കെടുത്ത് വോട്ട് രേഖപ്പെടുത്തിയത്.
ധാരണക്ക് വിപരീതമായി പ്രസിഡന്റ് ടി.കെ. കുട്ടി ഓൺലൈൻ ചാനലിലൂടെ തങ്ങൾക്കെതിരെ അഴിമതി ഉൾപ്പെടെയുള്ള ആരോപണം ഉന്നയിച്ചതും പാർട്ടിയെ അധിക്ഷേപിച്ചതും കെ.പി.സി.സി പ്രസിഡന്റ് അടക്കമുള്ളവരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. എന്നാൽ, ഒരുഭാഗത്തുനിന്നും ഇടപെടൽ ഉണ്ടാകാതെ വന്നതിനാലാണ് അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തതെന്ന് ബോഡ് അംഗം മനാഫ് പുതുവായ് പറഞ്ഞു.
സംഭവത്തിൽ അംഗങ്ങൾ രാജി വെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തി. യു.ഡി.വൈ.എഫ് കളമശ്ശേരി മണ്ഡലം കമ്മിറ്റി നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.കെ. ഷാനവാസ് സമരം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ മുഹമ്മദുകുഞ്ഞ് വെള്ളക്കൽ, എം.എ. വഹാബ്, മുസ്ലിം ലീഗ് ടൗൺ പ്രസിഡന്റ് പി.എം.എ. ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.