കളമശ്ശേരി സർവിസ് സഹ.ബാങ്ക് തെരഞ്ഞെടുപ്പ് റദ്ദാക്കി; സിപിഎം അട്ടിമറിയെന്ന് കോൺഗ്രസ്
text_fieldsകളമശ്ശേരി: ഈ മാസം 24ന് നടത്താൻ തീരുമാനിച്ച കളമശ്ശേരി സർവിസ് സഹ. ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് സംസ്ഥാന സഹ. തെരഞ്ഞെടുപ്പ് കമീഷൻ റദ്ദാക്കി.
അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് സാധിക്കാതെ വന്നതിനാലാണ് തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. ഈ മാസം ഒന്നാം തീയതി പ്രസിദ്ധീകരിക്കാനാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നത്. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിക്കണമെന്നുള്ള സഹകരണ സംഘം ജനറൽ വിഭാഗം അസി. രജിസ്ട്രാർ അപേക്ഷ സമർപ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ നാലാം തീയതിവരെ ദീർഘിപ്പിച്ചു. എന്നാൽ, അംഗങ്ങൾക്ക് നോട്ടീസ് അയച്ച് നേരിട്ട് കേൾക്കാൻ സാധിച്ചില്ലായെന്നുമുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റദ്ദാക്കുകയായിരുന്നു. അതോടൊപ്പം പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാൻ ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചിരിക്കുകയാണ്.
അതേസമയം, വർഷങ്ങളായി യു.ഡി.എഫിന്റെ നേതൃത്വത്തിൽ ഭരണം നടത്തിക്കൊണ്ടിരിക്കുന്ന ബാങ്ക് ജില്ലയിലെ ഏറ്റവും നല്ല സഹകരണ ബാങ്കുകളിൽ ഒന്നാണ്. ഈ ബാങ്കിന്റെ ഭരണം വളഞ്ഞ വഴിയിലൂടെ പിടിച്ചെടുക്കാനുള്ള സി.പി.എമ്മിന്റെ ശ്രമത്തിന്റെ ഭാഗമാണ് തെരഞ്ഞെടുപ്പ് റദ്ദുചെയ്ത നടപടിയെന്ന് ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു.
സഹകരണ മേഖലയിൽ സി.പി.എം നടത്തിവരുന്ന അഴിമതിയും ജനാധിപത്യ അട്ടിമറിയും കളമശ്ശേരി സഹകരണ ബാങ്കിലേക്കും വ്യാപിപ്പിച്ചതിന് തെളിവാണ് ഈ അട്ടിമറി ഉത്തരവ്. ഇതിനെ രാഷ്ട്രീയപരമായും നിയമപരവുമായി കോൺഗ്രസ് പാർട്ടി നേരിടുമെന്ന് ഡി.സി.സി പ്രസിഡന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.