പ്രവചനാതീതം കളമശ്ശേരിയുടെ മനസ്സ്
text_fieldsരാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന കളമശ്ശേരി മണ്ഡലത്തിൽ ഇക്കുറി പ്രചാരണവിഷയങ്ങൾക്ക് പഞ്ഞമില്ല. എൽ.ഡി.എഫിെൻറ ഗ്ലാമർ സ്ഥാനാർഥി പി. രാജീവും വി.കെ. ഇബ്രാഹീംകുഞ്ഞിെൻറ മകൻ വി.ഇ. അബ്ദുൽ ഗഫൂറും നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലം ആർക്കൊപ്പമെന്നത്
പ്രവചനാതീതം. സ്ഥാനാർഥിത്വത്തെ ചൊല്ലിയുള്ള വിവാദങ്ങളും അഴിമതി ആരോപണങ്ങളുമല്ല, ജീവൽപ്രശ്നങ്ങൾതന്നെയാണ് വോട്ടർമാരുടെ മനസ്സിൽ.
ആര് അണക്കും ഇന്ധനത്തിലെ എരിതീ?
''വെറും 120രൂപക്കുവരെ വാടക ഓടിയ ദിവസങ്ങളുണ്ട്, ഡീസൽ അടിച്ച് കൈയിൽ കിട്ടുന്നതുകൊണ്ട് ജീവിതം മുന്നോട്ടുപോകുന്നില്ല'' സൗത്ത് കളമശ്ശേരിയിലെ മുനിസിപ്പൽ ഓട്ടോ സ്റ്റാൻഡിൽ എത്തിയപ്പോൾ തൊഴിലാളികളുടെ പരിദേവനം. തെരഞ്ഞെടുപ്പിൽ ഇതൊന്നും രാഷ്്ട്രീയവിഷയമാക്കാൻ ആർക്കും താൽപര്യമില്ലല്ലോ. അല്ലെങ്കിലും ഇനി സമരം ചെയ്തിട്ട് എന്തു കാര്യം.
ആ ഒരുദിവസത്തെ കൂലി പോകുന്നത് മിച്ചം -തൊഴിലാളികളായ ദാവൂദിെൻറയും നിസാറിെൻറയും മറുപടി. ലോക്ഡൗണിന് പിറകെ കുത്തനെ ഉയർന്ന ജീവിതെച്ചലവ് മുട്ടാതെ തിങ്ങിയും ഞെരുങ്ങിയും ജീവിതം തള്ളിനീക്കുന്ന നിരാശയുണ്ട് ഇവിടെ എല്ലാവരുെടയും വാക്കുകളിൽ. സ്കൂൾ, കോളജുകൾ തുറക്കാത്തതോടെ ഓട്ടം നന്നേ കുറവാണെന്ന് ദാവൂദ് പറയുന്നു.
സ്വകാര്യ ഓഫിസുകളും വീട്ടിലിരുത്തി ജോലി തുടരുന്നതോടെ ഓട്ടം നേർപകുതിയാണ്. അതിനിടെയാണ് ഇന്ധനവില അടിക്കടി ഉയരുന്നത്. ഓട്ടോകൂലി കൂട്ടി ചോദിക്കാനാവില്ലലോ. ചിലർ അറിഞ്ഞും കണ്ടും അൽപം കൂട്ടിത്തരും.
നന്നായി ഭരിച്ചിട്ടുണ്ട്, സാധാരണക്കാർക്ക് ഗുണം കിട്ടി, തുടർഭരണം കിട്ടുമെന്നാണ് തോന്നുന്നത് തങ്ങൾക്ക് പ്രത്യേകിച്ച് രാഷ്്ട്രീയമൊന്നുമില്ലെന്ന് പറഞ്ഞ് ഓട്ടോ തൊഴിലാളികൾ അടുത്ത ഓട്ടത്തിനായി കാത്തുകിടന്നു.
'തുടർഭരണ സാധ്യത തള്ളാനാവില്ല'
നോർത്ത് കളമശ്ശേരി ചർച്ച് റോഡിനടുത്തെ അസീസ്ക്കയുടെ ചായക്കടയിൽ ചൂടുകടിക്കും ആവിപറക്കുന്ന ചായക്കുമൊപ്പം രാഷ്്ട്രീയം ഇഴകീറുകയാണ്.
തെരഞ്ഞെടുപ്പല്ലേ, എങ്ങനെയാണ് െട്രൻഡ്?, ''ഇബ്രാഹീംകുഞ്ഞിന്‍റെ മകനല്ലേ, നല്ല പ്രാദേശിക പിന്തുണയുണ്ട്'' അസീസ്ക്കയുടെ മറുപടി. രാജീവും മോശക്കാരനല്ല. പക്ഷേ, ഇബ്രാഹീംകുഞ്ഞിന് ഒരുപരിചയപ്പെടുത്തൽ വേണ്ട, അതുപോലെ മകനും.
പാലവും അഴിമതിയുമൊക്കെ ചർച്ചയാകില്ലേ? ആകും, പക്ഷേ അതിെനക്കാൾ ഗുരുതരമാണ് വർഗീയത. ഉദയംപേരൂരുകാരൻ സണ്ണിച്ചേട്ടൻ ഗൗരവം വിടാതെ പറഞ്ഞു. കോൺഗ്രസിൽനിന്ന് ഇക്കുറി സവർണ വോട്ടുകളെല്ലാം ചോർന്നുപോലും. അത്രക്കുമുണ്ട് ബി.ജെ.പിയുടെ വളർച്ച. ശക്തമായൊരു നേതൃത്വത്തിന്‍റെ കുറവുണ്ട് കോൺഗ്രസിന്-സണ്ണി പറഞ്ഞു നിർത്തി.
''എല്ലാം നന്നായി ചെയ്തു, പ്രായമായവർക്കെല്ലാം പെൻഷൻ കൃത്യമായി കിട്ടിത്തുടങ്ങി, പത്രങ്ങളും ചാനലുകളുമെല്ലാം പറയുന്നപോലെ ഒരു തുടർഭരണ സാധ്യത തള്ളിക്കളയാനാവില്ല''- എൻ.എ.ഡി റോഡിലെ താമസക്കാരനായ അസീസ് പറയുന്നു.
1500 അത്ര മോശം സംഖ്യയല്ലാ...
''500രൂപയായിരുന്നു പണ്ട് പെൻഷൻ, ഇന്നത് 1500ആയി, അത് വീട്ടിൽ രണ്ടാളുകൾക്ക് മുടക്കമില്ലാതെ കിട്ടുന്നത് ചെറിയ കാര്യമല്ലല്ലോ''. ഇതുപറയുന്ന കളമശ്ശേരിയിലെ മെഡിക്കൽ കോളജിന് മുന്നിലെ ലോട്ടറി വിൽപനക്കാരനായ ശ്രീധരന് പ്രത്യേകിച്ച് രാഷ്്ട്രീയമൊന്നുമില്ല. 75കാരനായ ശ്രീധരൻ രാവിലെ വീട്ടിൽനിന്നിറങ്ങും.
ലോട്ടറി വാങ്ങും, മെഡിക്കൽ കോളജിന് സമീപത്തെ റോഡരികിലെ തട്ടിൽവെച്ച് വിൽപന നടത്തും. പണ്ടത്തെപോലെ വലിയ കച്ചവടമൊന്നുമില്ല. ഭാഗ്യം പരീക്ഷിക്കാൻ ആളുകളുടെ കൈയിൽ ഇപ്പോൾ അത്ര പണമൊന്നും ഇല്ലല്ലോ.
മണ്ഡലത്തിലെ രാഷ്ട്രീയപോരിനെക്കുറിച്ചൊന്നും ശ്രീധരന് അറിയില്ല. സ്ഥാനാർഥികളിൽ അറിയാവുന്നത് ഇബ്രാഹീംകുഞ്ഞിെൻറ മകനെയാണ്. പ്രളയത്തിലും ലോക്ഡൗണിലുമെല്ലാം കിറ്റ് കിട്ടിയത് വലിയ ആശ്വാസമായിട്ടുണ്ട്, അതൊക്കെ വോട്ടാകാമെന്നാണ് ശ്രീധരന്‍റെ പക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.