കളമശ്ശേരിക്കൊരു സ്റ്റാൻഡുണ്ട്; ബസൊന്നും കയറാത്ത സ്റ്റാൻഡ്
text_fieldsകളമശ്ശേരി: മെഡിക്കൽ കോളജ്, വിദ്യാഭ്യാസ ഹബ്, വ്യവസായ മേഖല എന്നിവക്കെല്ലാം ഏറെ ഉപകാരപ്പെടുമെന്ന പ്രതീക്ഷയിൽ നിർമിച്ച നഗരസഭ ബസ് സ്റ്റാൻഡിലേക്ക് ആറ് വർഷമായിട്ടും ബസുകളെത്തിയില്ല. 2017 ഡിസംബറിൽ കിൻഫ്രയിൽനിന്ന് സൗജന്യ ലഭിച്ച 70 സെന്റ് ഭൂമിയിൽ നാല് കോടി രൂപയോളം ചെലവിട്ട് നിർമിച്ച ബസ് ടെർമിനലിലേക്കാണ് വർഷങ്ങൾ പിന്നിട്ടിട്ടും ബസ് അടുക്കാത്തത്. ടെർമിനലിലെ ബങ്കുകൾ എല്ലാം നഗരസഭ രണ്ട് വർഷം മുമ്പ് ലേലത്തിന് നൽകി. ഇവയിൽ ഒന്ന് മാത്രമാണ് തുറന്ന് പ്രവർത്തിക്കുന്നത്. ബസ് സ്റ്റാൻഡായി കൊട്ടിഗ്ഘോഷിച്ച് അന്ന് തുറന്ന ടെർമിനലിൽ സ്റ്റാൻഡിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിരുന്നില്ല. ബസുകൾ കയറാനാവശ്യമായ പ്രവർത്തനങ്ങളും മുന്നോട്ട് പോയില്ല. ഇലക്ട്രിക് ബസ് ഹബ് ആക്കാനുള്ള പ്രഖ്യാപനവും നടപ്പായില്ല.
കളമശ്ശേരിയിലെ സ്റ്റാൻഡ് കേന്ദ്രീകരിച്ച് സർക്കുലർ സർവിസ് ആരഭിക്കാനുള്ള നടപടി തുടങ്ങിയതായി മന്ത്രി പി. രാജീവ് രണ്ട് മാസം മുമ്പ് പ്രഖ്യാപിച്ചിരുന്നു. കെ.എസ്.ആർ.ടി.സിയുടെ 15 ഇലക്ട്രിക് ബസുകൾ ഉപയോഗിച്ച് സർക്കുലർ സർവിസ് തുടങ്ങുമെന്നതായിരുന്നു പ്രഖ്യാപനം.
ഒരുതവണ യാത്രക്ക് 10 രൂപയും ഒരു ദിവസം മുഴുവൻ, പല സർവിസുകളിലായുള്ള യാത്രക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സർക്കുലർ സർവിസ് ആരംഭിക്കാനുള്ള സൗകര്യങ്ങൾ സ്റ്റാൻഡിൽ ഒരുക്കുന്നതിനായി കെ.എസ്.ആർ.ടി.സി നഗരസഭക്ക് കത്ത് നൽകിയെങ്കിലും തുടർ നടപടി ഉണ്ടായട്ടില്ല.
ചാർജിങ് സ്റ്റേഷനുകൾ, വർക്ക് ഷോപ്പ്, ടിക്കറ്റ് കലക്ഷൻ സെന്റർ, ജീവനക്കാർക്കുള്ള താമസ സൗകര്യം തുടങ്ങിയവയാണ് നഗരസഭ ഒരുക്കേണ്ടത്. തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി നടപ്പാക്കിയ മാതൃകയിലാണ് ഇലക്ട്രിക് ബസ് സർവിസ് നടപ്പാക്കാൻ ഉദ്ദേശമെന്നാണ് മന്ത്രി അന്ന് പറഞ്ഞത്. ടെർമിനൽ ഇന്ന് വാഹനങ്ങളുടെ പാർക്കിങ് കേന്ദ്രമായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.