കരുവന്നൂർ: മന്ത്രി രാജീവിനെതിരെ സമരം ചെയ്യാത്തതിൽ ലീഗിൽ അമർഷം
text_fieldsകളമശ്ശേരി: കരുവന്നൂർ ബാങ്ക് കേസുമായി ബന്ധപ്പെട്ട് മന്ത്രി പി. രാജീവിനെ ഇ.ഡി ചോദ്യം ചെയ്യാനിരിക്കെ മുസ്ലിം ലീഗ് നേതാക്കൾ പ്രതികരിക്കാനോ പ്രതിഷേധിക്കാനോ തയാറാകാത്തതിൽ അണികൾക്കിടയിൽ പ്രതിഷേധം. ലീഗിന്റെയും യുവജന സംഘടനയുടെയും വാട്സ്ആപ് ഗ്രൂപ്പുകളിൽ വ്യാപക ചർച്ചയാണ് ഇതുസംബന്ധിച്ച് നടക്കുന്നത്. പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെതിരെ സി.പി.എം നിരന്തരം ആക്ഷേപ പോസ്റ്റർ പതിപ്പിക്കുകയും പ്രതിഷേധ സമരം നടത്തുകയും ചെയ്തിരുന്നു. ഡി.വൈ.എഫ്.ഐ പലതവണ മന്ത്രിയുടെ എം.എൽ.എ ഓഫിസിലേക്ക് മാർച്ചും നടത്തിയിരുന്നു. എന്നാൽ, നേതാക്കൾ മറന്ന മട്ടാണെന്നാണ് ആരോപണം. രാജീവിനെതിരെ ഒരു പ്രസ്താവന നടത്താൻപോലും ആരും തയാറാകുന്നില്ലെന്നാണ് അണികൾക്കിടയിലെ ആക്ഷേപം.
മന്ത്രിയുടെ ഓഫിസിലേക്ക് പാർട്ടി മാർച്ച് സംഘടിപ്പിക്കണമെന്നും രാജീവിനെതിരെ മത്സരിച്ച സ്ഥാനാർഥി എന്ന നിലക്ക് അഡ്വ. വി.ഇ. അബ്ദുൽ ഗഫൂറിനെക്കൊണ്ട് പ്രതിഷേധം ഉദ്ഘാടനം ചെയ്യിപ്പിക്കണമെന്നും പ്രവർത്തകർ ആവശ്യപ്പെടുന്നു. മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ആരോപണം ഉന്നയിച്ചപ്പോൾ, ഇടതുപക്ഷം ലീഗ് മുൻ മന്ത്രിമാരായിരുന്ന പി.കെ. കുഞ്ഞാലികുട്ടി, വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവർക്കും മാസപ്പടി കിട്ടിയിരുന്നതായി പറഞ്ഞ് കേസെടുത്തു. എന്നിട്ടും നേതൃത്വം മിണ്ടാത്തതാണ് അമർഷത്തിനിടയാക്കുന്നത്. രാജീവിനെതിരെ കിട്ടിയ അവസരം പാഴാക്കരുതെന്നും ലീഗുമായി ബന്ധപ്പെട്ട സമൂഹമാധ്യമ ഗ്രൂപ്പിൽ അണികൾ അഭിപ്രായപ്പെടുന്നുണ്ട്.
ഇതിനിടെ ഘടക കക്ഷിയായ ലീഗിന്റെ ഭാഗത്തുനിന്ന് നീക്കങ്ങളൊന്നും ഉണ്ടായില്ലെങ്കിലും കോൺഗ്രസ് കഴിഞ്ഞ ദിവസം മന്ത്രിയുടെ കളമശ്ശേരി എം.എൽ.എ ഓഫിസിലേക്ക് മാർച്ച് നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.