നടുക്കംമാറാതെ അയൽവാസികൾ
text_fieldsകളമശ്ശേരി: തോരാതെയുള്ള മഴക്കിടെ ഉഗ്രശബ്ദത്തോടെ കൂട്ടത്തിലൊരു വീട് ചരിഞ്ഞ് തകരുന്നത് നേരിൽകണ്ടതിെൻറ ഞെട്ടലിലാണ് അയൽവാസികൾ.
കളമശ്ശേരി കൂനംതൈ 35ാം വാർഡിൽ പൂക്കൈതയിൽ ഹംസ-ഹൈറുന്നിസ ദമ്പതികളുടെ മൂന്നുനില വീട് തകരുന്നത് കണ്ട അയൽവാസികൾക്കാണ് നടുക്കം വിട്ടുമാറാത്തത്. എറണാകുളം നോർത്തിൽ തട്ടുകട നടത്തി ഉപജീവനം നടത്തിവരുന്നയാളാണ് ഹംസ.
പതിവുപോലെ പുലർച്ച കട തുറക്കാൻ ഹംസ എറണാകുളത്തേക്ക് പോയി. മകൾ ഷബന ഉറക്കത്തിലും, ഹൈറുന്നിസ പ്രഭാതനമസ്കാരത്തിലുമായിരുന്നു. ഇതിനിടയിലാണ് വീട്ടുപകരണങ്ങൾ മറിഞ്ഞുവീഴുന്നതും നമസ്കാരത്തിൽ മുന്നോട്ട് വീഴുന്നതും. എന്താണ് സംഭവിക്കുന്നതെന്നറിയാതെ മകളെ വിളിച്ചുണർത്തി പുറത്തിറങ്ങാൻ നോക്കുമ്പോൾ പുറത്തിറങ്ങാൻ കഴിയാത്തനിലയിൽ വീടിെൻറ താഴ്ഭാഗം മണ്ണിനടിയിൽ അമർന്നിരുന്നു.
എന്തുചെയ്യുമെന്നറിയാതെ ഇരുവരും ഒച്ചവെച്ച് കരയുന്നതിനിടെ വീട് തകരുന്ന ശബ്ദംകേട്ട് പുറത്തിറങ്ങിയ അയൽവാസികളാണ് ഇരുവർക്കും ധൈര്യം നൽകി രക്ഷപ്പെടാനുള്ള വഴി ഒരുക്കിയത്. ഭയന്നുവിറച്ച് പുറത്തെത്തിയ ഇരുവരെയും ഉടൻ സമീപത്തെ സഹോദരിയുടെ വീട്ടിലേക്ക് മാറ്റുകയായിരുന്നു.
ഭയന്നുവിറച്ച പകൽ
കളമശ്ശേരി: പതിവുപോലെ ഒന്നാംനിലയിൽ ഉണക്കാനിട്ട തുണികൾ എടുക്കാൻ കയറുമ്പോഴാണ് ശബ്ദവും പൊടിയും ഉയർന്ന് അയൽവാസി ഹൈറുന്നിസയുടെ വീട് ചരിഞ്ഞുകൊണ്ടിരിക്കുന്നത് വയോധികയായ സരളയുടെ ശ്രദ്ധയിൽപെടുന്നത്. സംഭവം കണ്ടപാടെ വിറച്ചുനിന്ന സരള നിന്നിടത്തുതന്നെ നിന്ന് താഴത്തെ നിലയിലുണ്ടായിരുന്ന നഗരസഭ കൗൺസിലറും മകളുമായ ബിന്ദുവിനെ വിളിച്ച് ഉച്ചത്തിൽ കരഞ്ഞു.
പിന്നാലെ അയൽവാസികളെല്ലാം ശബ്ദംകേട്ട് പുറത്തിറങ്ങിറങ്ങി എന്താണ് സംഭവിക്കുന്നതെന്നറിയാതെ പകച്ചുപോയി. പിന്നാലെ തകർന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിൽ കുടുങ്ങിയ ഹൈറുന്നിസയെയും മകളെയും രക്ഷപ്പെടുത്താൻ എല്ലാവരും ഒത്തിറങ്ങുകയായിരുന്നു. ഇതിനിടെ ചരിഞ്ഞ വീടിനോട് ചേർന്ന് താമസിക്കുന്ന ബാബുവിെൻറ വീട്ടിൽ ഭാര്യയും കുട്ടികളും സഹോദരിയും കുട്ടികളുമടക്കം ഏഴുപേർ ഉണ്ടായിരുന്നു.
ഈ മാസം ഒന്നിനാണ് വീടുപണി പൂർത്തിയാക്കി താമസം തുടങ്ങിയത്. സമീപ കെട്ടിടം ചരിഞ്ഞതോടെ ബാബുവിെൻറ വീടിനും തകരാർ സംഭവിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.