വെളിച്ചക്കുറവ്, നിരീക്ഷണമില്ല, മാലിന്യം തള്ളാൻ എന്തെളുപ്പം
text_fieldsകളമശ്ശേരി: നഗരസഭ പരിധിയിലെ പ്രധാന നിരത്തുകളിൽ രാത്രി സെപ്റ്റിക് മാലിന്യം തള്ളുന്നത് പതിവാകുന്നു. വെളിച്ചക്കുറവും നിരീക്ഷണവും ഇല്ലാത്തിടങ്ങളിലാണ് ഏറെയും മാലിന്യം തള്ളുന്നത്. നോർത്ത് കളമശ്ശേരി ദേശീയപാത മേൽപാലത്തിന് സമീപം റോഡിലും സീപോർട്ട് റോഡ്, എച്ച്. എം.ടി റോഡ് എന്നീ പ്രധാന വീതികളിലാണ് പല ദിവസങ്ങളിലായി മാലിന്യം ഒഴുക്കിയ നിലയിൽ കാണുന്നത്. അനധികൃത ലോറി പാർക്കിങ്ങിന് മറവിലാണ് മാലിന്യം ഒഴുക്കുന്നത്. സീപോർട്ട് റോഡിലും ഇത്തരത്തിൽ പാർക്കിങ്ങിന്‍റെ മറപറ്റി വാഹനം നിർത്തി മാലിന്യം ഒഴുക്കുകയാണ്. എച്ച്.എം.ടി റോഡിൽ മറ്റു മാലിന്യങ്ങൾക്കൊപ്പമാണ് ഇതും തട്ടുന്നത്.
വ്യാഴാഴ്ച പുലർച്ചയാണ് ഈ ഭാഗത്ത് കൈപ്പട മുകൾറോഡിൽ മാലിന്യം തള്ളിയത്. എച്ച്.എം.ടി മെഡിക്കൽ കോളജ് റോഡിൽനിന്ന് കൈപ്പടമുഗളിലേക്ക് പ്രവേശിക്കുന്ന ഭാഗത്തായിരുന്നു മാലിന്യം തള്ളിയത്. റോഡിൽ പരന്നതിനാൽ വാഹനങ്ങൾക്കുപോലും കടന്നുപോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. പിന്നീട് വാർഡ് കൗൺസിലർ സൽമത്ത് സെയ്തുമുഹമ്മദ് അറിയിച്ചതനുസരിച്ച് അഗ്നിരക്ഷാസേനയെത്തി റോഡും പരിസരവും കഴുകി വൃത്തിയാക്കുകയായിരുന്നു.
എയർപോർട്ട്-സീപോർട്ട് റോഡിൽ തോഷിബ ജങ്ഷൻ മുതൽ കൈപ്പടമുഗൾവരെയും കൈപ്പടമുകൾ-മെഡിക്കൽ കോളജ് റോഡ്, കരിപ്പാശ്ശേരിമുകൾ-മെഡിക്കൽ കോളജ് റോഡുകളിലും രാത്രിയിൽ മാലിന്യം തള്ളുന്നത് വ്യാപകമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. മാലിന്യം തള്ളുന്നവരെ പിടികൂടാൻ തെരുവുകളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുമെന്ന് കളമശ്ശേരി നഗരസഭ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നടപ്പിലായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.