കളമശ്ശേരി നഗരസഭയിൽ എൽ.ഡി.എഫ് അവിശ്വാസ പ്രമേയം; യു.ഡി.എഫ് വിട്ടുനിൽക്കാൻ നീക്കം
text_fieldsകളമശ്ശേരി: നഗരസഭ ഭരണത്തിനെതിരെ എൽ.ഡി.എഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കുന്ന ദിവസം യു.ഡി.എഫ് വിട്ടുനിൽക്കാൻ നീക്കം.സ്വജനപക്ഷപാതപരവും, അഴിമതി നിറഞ്ഞതുമായ പ്രവൃത്തികൾ നടത്തുന്നതും, നഗരസഭ വികസനം തടസ്സപ്പെടുത്തുന്നവർക്ക് ഒത്താശ ചെയ്യുന്നതായും ചൂണ്ടിക്കാട്ടി എൽ.ഡി.എഫ് കൊണ്ടുവരുന്ന പ്രമേയം ചർച്ചക്കെടുക്കുന്ന ദിവസം വിട്ടുനിൽക്കാനാണ് ഭരണകക്ഷിയായ യു.ഡി.എഫ് നീക്കം.
42 അംഗ നഗരസഭയിൽ 22 പേർ സഭയിൽ ഉണ്ടായാലെ പ്രമേയം ചർച്ചക്കെടുക്കാനാകൂ. നിലവിൽ 42 അംഗ കൗൺസിലിൽ യു.ഡി.എഫിന് 21ഉം, എൽ.ഡി.എഫിന് 20ഉം, ബി.ജെ.പിയുടെ ഒരംഗവുമാണ് ഉണ്ടായിരുന്നത്.ഇതിൽനിന്ന് ഭരണകക്ഷിക്കൊപ്പം നിന്ന വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ കെ.എച്ച്. സുബൈർ പ്രതിപക്ഷത്തേക്ക് ചാടിയതോടെയാണ് എൽ.ഡി.എഫ് നോട്ടീസ് നൽകിയത്.
എന്നാൽ, ഒരാളുടെ പിന്തുണ കൂടി ലഭിച്ചാലെ ഭരണം അട്ടിമറിക്കാൻ എൽ.ഡി.എഫിനാകൂ. നിഷ്പക്ഷ നിലപാട് സ്വീകരിക്കുന്ന ബി.ജെ.പി അംഗം സഭയിൽ ഹാജരാവുകയോ, ഭരണപക്ഷത്തുനിന്ന് ഒരാൾ ചാടിയാലും പ്രമേയം പാസാക്കാമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ് ക്യാമ്പ്.
ദേശീയതലത്തിൽ ബി.ജെ.പിയുടെ മുഖ്യശത്രു കോൺഗ്രസായിരിക്കെ ഇവിടെ ബി.ജെ.പി അംഗം യു.ഡി.എഫിനെ സഹായിക്കില്ലായെന്ന പ്രതീക്ഷയും വെച്ചുപുലർത്തുന്നവരുണ്ട്. എന്നാൽ, ഭരിക്കാനായി പിന്തുണ ഒരു നിലക്കും സ്വീകരിക്കേണ്ടതില്ലെന്ന നിലാപാട് ഒരുവിഭാഗം എൽ.ഡി.എഫ് കൗൺസിലർമാരുടെ ഇടയിലും ഉണ്ട്.
അതേസമയം, പ്രതിപക്ഷ അവിശ്വാസത്തിനെതിരെ മുസ്ലിം ലീഗിലടക്കം ഭരണകക്ഷികൾക്കെല്ലാം വിപ്പ് നൽകാനാണ് യു.ഡി.എഫിലെ ധാരണ. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായാണ് അവിശ്വാസ പ്രമേയത്തിൽ മേലുള്ള ചർച്ച നടക്കുന്നത്. അതേസമയം, കെ.എച്ച്. സുബൈർ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം രാജിവെക്കാതെയാണ് പ്രതിപക്ഷത്തിനൊപ്പം ചേർന്ന് അവിശ്വാസം കൊണ്ടുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.