തണൽവിരിച്ച കളമശ്ശേരിയിലെ ഏക പച്ചപ്പും നഷ്ടമാകുന്നു
text_fieldsകളമശ്ശേരി: വികസനത്തിനായി റബർ മരങ്ങൾ വെട്ടിമാറ്റുന്നതിനാൽ റോഡരികിൽ തണൽ വിരിച്ചു നിന്ന കളമശ്ശേരിയിലെ ഏക പച്ചപ്പും നഷ്ടമാകുന്നു.
കാലങ്ങളായി വേനൽ ചൂടിൽ നിന്നും കാൽനടക്കാർക്കും വാഹനങ്ങൾക്കും തണലും കുളിർമയുമായിരുന്ന ദേശീയ പാതയിൽ നിന്നും നോർത്ത് കളമശ്ശേരി ഗ്ലാസ് കോളനിഭാഗത്തേക്കുള്ള റോഡരികിൽ നിന്ന മരങ്ങൾ വെട്ടിമാറ്റുന്നതാണ് പച്ചപ്പ് ഇല്ലാതാക്കുന്നത്.
റോഡിന് ഇരുവശത്തും ഇടകലർന്ന് നിൽക്കുന്ന റബർതോട്ടത്തിലെ ചോലകൾ റോഡിന് മധ്യത്തേക്ക് പന്തൽ പോലെ തണൽ വിരിച്ചാണ് നിന്നിരുന്നത്. സിനിമ, സീരിയൽ ഷൂട്ടിങ് പലതും നടത്തിയിട്ടുളള മനോഹരമായ ഇടമാണിത്. അസഹ്യമായ ചൂടിൽ വിശ്രമത്തിനായി യാത്രക്കാർ വാഹനങ്ങൾ മണിക്കൂറുകളോളം ഇവിടെ നിർത്തിയിടും. വിവാഹ പാർട്ടികൾ ഫോട്ടോ ഷൂട്ടിനും ഉപയോഗിച്ച് വന്നു.
ഒരു കാലത്ത് മാലിന്യ പൊതികൾ വലിച്ചെറിയുന്നതിനുള്ള ഇടമായി ഇവിടം മാറിയെങ്കിലും പ്രകൃതിസ്നേഹികളും, ഓട്ടോറിക്ഷ തൊഴിലാളികളും നഗരസഭയും ജാഗ്രതയിലായതോടെ ശമനമായതാണ്. എന്നാലും ചില സാമൂഹികവിരുദ്ധർ വാഹനത്തിൽ പോകും വഴി റബർ തോട്ടത്തിലേക്ക് മാലിന്യം വലിച്ചെറിയുന്ന ശീലം തുടരുന്നുണ്ട്. ഇവയിൽ പലതും റോഡിൽ വന്ന് വീഴും. സ്വകാര്യ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുളള സ്ഥലത്ത് നിന്ന മരങ്ങൾ അപ്രത്യക്ഷമാകുന്നതോടെ കളമശ്ശേരി സിറ്റിയിലെ ഏക പച്ചപ്പ് നഷ്ടമാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.