മെഡിക്കൽ കോളജും കൊച്ചിൻ കാൻസർ സെന്ററുമെത്തിയത് ഉമ്മൻ ചാണ്ടിയിലൂടെ
text_fieldsകളമശ്ശേരി: നാശോന്മുഖമായിരുന്ന കളമശ്ശേരിയിലെ സഹകരണ മെഡിക്കൽ കോളജിനെ ഗവ. മെഡിക്കൽ കോളജാക്കിയതിലും മധ്യകേരളത്തിലെ അർബുദ രോഗികൾക്ക് ആശ്വാസകേന്ദ്രമായി മാറുന്ന കൊച്ചിൻ കാൻസർ സെന്റർ എന്ന പദ്ധതിക്ക് വിത്തുപാകിയതും ഉമ്മൻ ചാണ്ടി. എല്ലാ ജില്ലകളിലും സർക്കാർ മെഡിക്കൽ കോളജ് എന്ന യു.ഡി.എഫ് നയത്തിന്റെ ഭാഗമായാണ് സഹകരണ മേഖലയിൽ പ്രവർത്തിച്ചിരുന്ന മെഡിക്കൽ കോളജ് 2013 ഡിസംബർ 17ന് സർക്കാർ മെഡിക്കൽ കോളജായി ഏറ്റെടുക്കുന്നത്.
എറണാകുളം ജനറൽ ആശുപത്രിയെയാണ് ആദ്യം പരിഗണിച്ചതെങ്കിലും സ്ഥലപരിമിതികൊണ്ട് കളമശ്ശേരിയെ പരിഗണിക്കുകയായിരുന്നു. പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സയായിരുന്നു മുൻഗണന. ജീവനക്കാരെ ഉൾപ്പെടെ എല്ലാ ബാധ്യതകളും ഏറ്റെടുത്താണ് മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്തത്. ഇന്ന് സൂപ്പർ സ്പെഷാലിറ്റി ചികിത്സയടക്കമുള്ള പ്രവർത്തനങ്ങളുമായി വികസനത്തിന്റെ പാതയിലാണ് എറണാകുളം ഗവ. മെഡിക്കൽ കോളജ്.
രാജ്യാന്തര നിലവാരത്തിലുള്ള ഒരു കാൻസർ ചികിത്സ ഗവേഷണകേന്ദ്രം എന്ന ജില്ലയുടെ സ്വപ്നപദ്ധതിക്കാണ് 2014 ഒക്ടോബർ 18ന് തറക്കല്ലിട്ട് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി അന്ന് സാക്ഷാത്കരിച്ചത്. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ അടക്കമുള്ള പ്രമുഖരുടെ നിരന്തര ഇടപെടലിലാണ് കാൻസർ സെന്ററിന് മെഡിക്കൽ കോളജ് കാമ്പസിൽ 12 ഏക്കറിൽ തന്നെ ഇടംലഭിച്ചത്. സാധാരണക്കാരടക്കം ചികിത്സക്കായി തിരുവനന്തപുരം ആർ.സി.സിയെ ആശ്രയിച്ചുവരുന്ന ഘട്ടത്തിലാണ് ഇത്തരത്തിലൊരാവശ്യം ഉയർന്നുവന്നത്. യാത്ര സൗകര്യം പരിഗണിച്ചുമാണ് കൊച്ചിക്കൊരു കാൻസർ സെന്റർ പദ്ധതിക്ക് അന്ന് ഉമ്മൻ ചാണ്ടി സർക്കാർ പരിഗണന നൽകിയത്. 2017 ആഗസ്റ്റിനുള്ളിൽ നിർമാണം പൂർത്തിയാക്കി പദ്ധതി യാഥാർഥ്യമാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, നിർമാണം തുടങ്ങാൻ വൈകിയതോടെ അടുത്ത എൽ.ഡി.എഫ് സർക്കാറാണ് നിർമാണത്തിന് തുടക്കംകുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.