മൂലേപ്പാടം വെള്ളക്കെട്ട്: കലുങ്കിന് ടെൻഡർ നടപടി പൂർത്തിയായി
text_fieldsകളമശ്ശേരി: മൂലേപ്പാടം റോഡിലെ വെള്ളക്കെട്ട് നിവാരണത്തിന്റെ ഭാഗമായി ദേശീയപാത അതോറിറ്റിയുടെ കൾവെർട്ട് നിർമാണത്തിന് ടെൻഡർ നടപടികൾ പൂർത്തിയായി. രണ്ടാഴ്ചക്കുള്ളിൽ കാരാർ നൽകുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. പുഷ് ത്രൂ കൾവെർട്ടാണ് ദേശീയപാത അതോറിറ്റി നിർമിക്കുക. ഇതിനായി 3.5 കോടി രൂപ ചെലവഴിക്കും. ദേശീയപാത അതോറിറ്റി, റെയിൽവേ, കൊച്ചി മെട്രോ, ജലവിഭവ വകുപ്പ്, പൊതുമരാമത്ത് വകുപ്പ് എന്നിവർ ചേർന്ന് സംയുക്ത പരിശോധന നടത്തിയാണ് പദ്ധതി ആവിഷ്കരിച്ചത്.
മൂലേപ്പാടം വെള്ളക്കെട്ട് നിവാരണത്തിനായി ജില്ല ഭരണ കേന്ദ്രം, ദേശീയപാത അതോറിറ്റി, റെയിൽവേ, പൊതുമരാമത്ത്, റവന്യൂ വകുപ്പുകൾ, നഗരസഭ എന്നിവയെ കോർത്തിണക്കിയാണ് സമഗ്ര പദ്ധതി ആവിഷ്കരിച്ചതെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായുള്ള പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. മൂലേപ്പാടം നഗറിലെ നവീകരിച്ച ബൈലൈൻ റോഡിന്റെയും പുതുക്കിപ്പണിത കലുങ്കിന്റെയും നിർമാണമാണ് പി.ഡബ്യു.ഡി പൂർത്തിയാക്കിയത്.
വെള്ളക്കെട്ട് പ്രശ്നവുമായി ബന്ധപ്പെട്ട് സാലീസ് തോട്ടിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാനും തീരുമാനിച്ചിരുന്നു. റവന്യൂ വകുപ്പ് കല്ലിടൽ പൂർത്തിയാക്കിയിട്ടുണ്ട്. കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ നഗരസഭ തുടർ നടപടി സ്വീകരിക്കും. വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എയും പൊതുമരാമത്ത് മന്ത്രിയുമായിരിക്കെ നടപ്പാക്കാൻ ഉദ്ദേശിച്ച പദ്ധതിയായിരുന്നു പുഷ് ത്രൂ കൾവെർട്ട്. പദ്ധതിക്ക് തുടക്കം കുറിച്ചെങ്കിലും തുടർ നടപടിയുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.