സദാചാര ഗുണ്ട ആക്രമണം: ഒരാൾ പിടിയിൽ
text_fieldsകളമശ്ശേരി: സദാചാര ഗുണ്ട ചമഞ്ഞ് യുവാവിനെയും യുവതിയെയും അപമാനിക്കുകയും ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ. ആലുവ തായിക്കാട്ടുകര വിടാകുഴ നമ്പാട്ടില്‍ വീട്ടില്‍ മുത്തുവാണ് (29) അറസ്റ്റിലായത്. ഈ മാസം ഒമ്പതിന് എൻ.എ.ഡി ഭാഗത്തുള്ള ഷാപ്പിന്റെ മുന്നിലാണ് സംഭവം.
കാറിലെത്തിയ യുവാവും യുവതിയും ഭക്ഷണം വാങ്ങുന്നതിന് ഷാപ്പിന് മുന്നില്‍ വാഹനം നിര്‍ത്തി. യുവതിയെ കാറിലിരുത്തിയ ശേഷം യുവാവ് ഭക്ഷണം വാങ്ങാൻ പോയ സമയത്ത് അതേ ഷാപ്പില്‍നിന്ന് മദ്യപിച്ചു വന്ന മൂന്ന് പേര് യുവതിക്ക് നേരെ അശ്ലീല പരാമർശം നടത്തുകയായിരുന്നു.
ഇത് ചോദ്യം ചെയ്ത യുവാവിനെ മൂവരും ചേർന്ന് മർദിക്കുകയും ഭീഷണിപ്പെടുത്തി അവിടെ നിന്ന് പറഞ്ഞയക്കുകയും ചെയ്തു. ഭയന്ന ഇരുവരും കാറില്‍ കയറി അവിടെ നിന്ന് പോയെങ്കിലും ഇവരെ പിന്തുടര്ന്നെത്തിയ മൂന്നംഗ സംഘം പെരിങ്ങഴ അമ്പലത്തിന് സമീപം വാഹനം തടഞ്ഞുനിര്‍ത്തി. തുടർന്ന് യുവാവിനെ വാഹനത്തില്‍നിന്ന് പിടിച്ചിറക്കി വീണ്ടും മര്‍ദിച്ചു. യുവതിക്ക് നേരെയും ഇവരുടെ ആക്രമണമുണ്ടായി.
ഇരുവരുടെയും പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത കളമശ്ശേരി പൊലീസ് പ്രതികളില്‍ ഒരാളായ മുത്തുവിനെ എൻ.എ.ഡി ഭാഗത്തുനിന്ന് പിടികൂടുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.