ജലവിതരണ ടാങ്കർ ലോറികളുടെ അമിതഭാരം വെട്ടിക്കുറക്കും
text_fieldsകളമശ്ശേരി: കുടിവെള്ള വിതരണത്തിനായി സർവിസ് നടത്തുന്ന ടാങ്കർ ലോറികളുടെ അമിതഭാരം പൂർണമായും കുറക്കുവാൻ വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തിൽ നിയമസഭ മന്ദിരത്തിൽ ചേർന്ന ഉദ്യോഗസ്ഥരുടെയും സംഘടന പ്രതിനിധികളുടെയും യോഗം തീരുമാനിച്ചു.
24,000 ലിറ്റർ മുതൽ 45,000 ലിറ്റർ വരെയാണ് ഇപ്പോൾ സർവിസ് നടത്തുന്ന ടാങ്കറുകളുടെ അളവ്. അവയെല്ലാം പെർമിറ്റിന് അനുസരിച്ച് വെട്ടി ചുരുക്കാൻ യോഗം തീരുമാനമെടുത്തു. ഒരു മാസത്തിനുള്ളിൽ ഇവ നടപ്പാക്കും.
അമിതഭാരം കൊണ്ട് അപകടങ്ങൾ ഏറെയുണ്ടായ സഹചര്യത്തിലാണ് മോട്ടോർ വാഹന വകുപ്പ് കർശന നടപടി സ്വീകരിച്ചത്. ഭാരം കുറക്കുക വഴി അപകടങ്ങൾ ഒഴിവാകുകയും ടാങ്കറുകളുടെ തേയ്മാനം കുറയുകയും ചെയ്യും. ഇതുമൂലം ടാങ്കർ ലോറി സർവിസുകൾ സുഗമമാകുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
മോട്ടോർ വാഹന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ. ട്രാൻസ്പോർട്ട് കമീഷണർ എസ്. ശ്രീജിത് എന്നിവരും ടാങ്കർ ലോറി സംഘടനകളെ പ്രതിനിധീകരിച്ച് എറണാകുളം വാട്ടർ ടാങ്കർ ട്രാൻസ്പോർട്ടേഴ്സ് വെൽഫെയർ അസോ. പ്രസിഡന്റ് വി.എ. സക്കീർ ഹുസൈൻ, ജനറൽ സെക്രട്ടറി ആർ. രാമചന്ദ്രൻ, ട്രിവാഡ്രം ഡ്രിങ്കിങ് വാട്ടർ ട്രാൻസ്പോർട്ടേഴ്സ് അസോ. പ്രസിഡന്റ് ശ്രീകുമാർ, സെക്രട്ടറി താജുദ്ദീൻ, ഡ്രിങ്കിങ് വാട്ടർ ഓപറേറ്റേഴ്സ് അസോ. പ്രസിഡന്റ് വി.എം. ഫൈസൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.