പെരിയാർ: ആഴ്ചകൾ കഴിഞ്ഞിട്ടും രാസമാലിന്യ സാമ്പിൾ പരിശോധന പൂർത്തിയായില്ല
text_fieldsകളമശ്ശേരി: രാസമാലിന്യം ഒഴുകിയെത്തുന്ന പൊതുമേഖല സ്ഥാപനങ്ങളുടെ പിന്നിലെ പെരിയാറിൽനിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധന ആഴ്ചകൾ പിന്നിട്ടിട്ടും പൂർത്തിയായില്ല. ഏലൂരിലെ രണ്ട് കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളുടെ പിന്നിൽ പുഴയിൽനിന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ഉന്നത ഉദ്യോഗസ്ഥർ ശേഖരിച്ച മാലിന്യസാമ്പിളിന്‍റെ പരിശോധനഫലങ്ങളാണ് പൂർത്തിയാക്കാത്തത്.
ബോർഡിന്‍റെ പ്രധാന ലാബിലെത്തിച്ച ഇവ ഇനിയും പരിശോധിച്ചിട്ടില്ല. ലാബിലെ തകരാറുകളാണ് പരിശോധന വൈകുന്നതെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.
മാർച്ച് 15നാണ് മലിനീകരണത്തെത്തുടർന്ന് ഉദ്യോഗസ്ഥർ പെരിയാറിൽ പരിശോധന നടത്തിയത്. ഇതിനിടെയാണ് പൊതുമേഖല സ്ഥാപനങ്ങളുടെ പിന്നിൽ രൂക്ഷമായ നിലയിൽ പല നിറത്തിലെ മാലിന്യം ഒഴുകിയെത്തുന്നത് ശ്രദ്ധയിൽപെടുന്നത്. ഉടൻ മാലിന്യത്തിന്‍റെ സാമ്പിളുകൾ ശേഖരിക്കുകയായിരുന്നു.പിന്നാലെ പൊതുമേഖല കമ്പനികൾക്ക് വിശദീകരണം ചോദിച്ച് പി.സി.ബി നോട്ടീസ് നൽകി. എന്നാൽ, തുടർനടപടിയെന്നും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നാണ് ഉദ്യോഗസ്ഥർക്കൊപ്പം പരിശോധനയിൽ സഹായികളായുണ്ടായിരുന്ന ഏലൂരിലെ ജനജാഗ്രത പ്രവർത്തകർ ആരോപിക്കുന്നത്. അതേസമയം, സ്ഥാപനങ്ങൾക്ക് പിന്നിൽ മലിനജലം പെരിയാറിലൂടെ ഒഴുക്ക് തുടരുകയാണ്. കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ ഏലൂർ മേത്താനം ഭാഗം വരെ മാലിന്യം വ്യാപിച്ചുകിടന്നതായും ജാഗ്രത പ്രവർത്തകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.