വല്ലാര്‍പാടം പാതയിൽ വഴിവിളക്കുകൾ സ്ഥാപിക്കണമെന്ന് പൊലീസ്
text_fieldsകളമശ്ശേരി: മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ റോഡിൽ വഴി വിളക്കുകൾ സ്ഥാപിക്കാൻ നിർദേശം. കെണ്ടയ്നർ റോഡിൽ ഏലൂർ നഗരസഭ പരിധിയിൽ വിളക്കുകൾ സ്ഥാപിക്കാൻ കൊച്ചി സിറ്റി ട്രാഫിക് പൊലീസാണ് നഗരസഭക്ക് കത്ത് നൽകിയത്. വല്ലാർപാടം പാതയുടെ കവാടത്തിന് സമീപം പുതിയ റോഡ് ജങ്ഷൻ മുതൽ ചേരാനല്ലൂർ സിഗ്നൽ ജങ്ഷൻ വരെയാണ് വിളക്കുകൾ സ്ഥാപിക്കേണ്ടത്. ഇതിനുള്ള നടപടികൾ അടുത്ത കൗൺസിൽ യോഗം ചർച്ച ചെയ്യാനിരിക്കുകയാണ്.
മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കെ തുറന്നു കൊടുത്ത പാതയിൽ ടോൾ പിരിവ് നടക്കുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യമായ വെളിച്ചം നൽകാൻ അധികൃതർക്കായിരുന്നില്ല. ഇത് മൂലം അനധികൃത വാഹന പാർക്കിങ്ങും മാലിന്യ നിക്ഷേപവും വ്യാപകമാണ്.
നിരവധി അപകടങ്ങൾക്കും മരണങ്ങൾക്കും പാത സാക്ഷ്യം വഹിച്ചിരുന്നു. പാതയിലൂടെ വി.വി.ഐ.പികൾ കടന്ന് പോകുന്നുണ്ടെങ്കിൽ താൽക്കാലിക മരക്കുറ്റികൾ സ്ഥാപിച്ച് അതിൽ വിളക്ക് സ്ഥാപിച്ചാണ് വെളിച്ചം നൽകുന്നത്. ഏപ്രിലിൽ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ റോഡ് സീ പോര്‍ട്ട് -എയര്‍പോര്‍ട്ട് റോഡ്, അടക്കം റോഡിന് ഇരുവശവും കണ്ടെയ്നര്‍-ടാങ്കര്‍ ലോറികള്‍ ഉള്‍പ്പെടെയുള്ളവ പാര്‍ക്ക് ചെയ്യുന്നത് നിരോധിച്ച് കലക്ടര്‍ ഉത്തരവിട്ടു. ദുരന്തനിവാരണ നിയമ പ്രകാരമാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
ഈ ഉത്തരവ് പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിന് കൊച്ചി സിറ്റി പൊലീസ് കമീഷണര്‍, കൊച്ചി കോര്പറേഷന് സെക്രട്ടറി, കളമശ്ശേരി, ഏലൂര്‍, തുടങ്ങി നഗരസഭ സെക്രട്ടറിമാര്‍ എന്നിവരെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ, കളമശ്ശേരി സീ പോര്‍ട്ട് -എയര്‍പോര്‍ട്ട് റോഡിലും വല്ലാർപാടം റോഡിലും വാഹനങ്ങളുടെ പാര്‍ക്കിങ് തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.