മലിനീകരണം; ‘നാല് വ്യവസായ സ്ഥാപനത്തിനെതിരെ കർശന നടപടി’
text_fieldsകളമശ്ശേരി: ഏലൂർ എടയാർ മേഖലയിൽ ജല, വായു മലിനീകരണം ഉണ്ടാക്കുന്ന നാല് വ്യവസായ സ്ഥാപനത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൻ ശ്രീകല പറഞ്ഞു. ഏലൂർ, എടയാർ വ്യവസായ മേഖലയിലെ പരിസ്ഥിതി മലിനീകരണവുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ ഏലൂർ മുനിസിപ്പൽ കൗൺസിൽ ഹാളിൽ ചേർന്ന പരിസ്ഥിതി രാഷ്ട്രീയപ്രതിനിധികളെയും കൗൺസിലർമാരെയും ഉൾപ്പെടുത്തിയുള്ള യോഗത്തിലാണ് ചെയർപേഴ്സൻ ഉറപ്പ് നൽകിയത്. 25 വർഷമായി രൂക്ഷമായ പാരിസ്ഥിക പ്രശ്നങ്ങളാണ് ജനങ്ങൾ നേരിടുന്നത്.
ദുർഗന്ധത്താൽ ഭക്ഷണം കഴിക്കാനും ഉറങ്ങാനും സാധിക്കുന്നില്ല. ദുർഗന്ധത്തിന്റെ പേരിൽ മക്കളുടെ വിവാഹങ്ങൾ വരെ മുടങ്ങുകയാണ്. അതിനാൽ ശക്തമായ നടപടി വേണമെന്ന രാഷ്ട്രീയ വ്യത്യാസമില്ലാതെ ഓരോ പ്രതിനിധികളും ചെയർപേഴ്സന് മുന്നിൽ വിമർശിച്ചതോടെയാണ് തിങ്കളാഴ്ച നടപടി ഉണ്ടാകുമെന്ന് അവർ അറിയിച്ചത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദ്ദേശങ്ങൾ നടപ്പാക്കാത്തതിനാലുമാണ് കമ്പനികൾക്കെതിരെ നടപടി വേണമെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടിയത്. അത് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നാല് കമ്പനികൾക്കെതിരെ നടപടിക്ക് പി.സി.ബി മുതിരുന്നത്.
ഏലൂർ നഗരസഭ പ്രതിപക്ഷ നേതാവ് പി.എം. അയ്യൂബ്, കൗൺസിലർമാരായ സുബൈദ നൂറുദീൻ, ഷാജി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എ. റസാഖ്, വെൽഫയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി ഷംസുദ്ദീൻ എടയാർ, പെരിയാർ മലിനീകരണ വിരുദ്ധ സമിതി പ്രവർത്തകരായ പുരുഷൻ ഏലൂർ, ആദം കുട്ടി, അൻവർ, സക്കീർ ഹുസൈൻ, ജനജാഗ്രത പ്രവർത്തകൻ ഒ.ബി. ഷബീർ, എസ്.ഡി.പി.ഐ മെംബർ ഫൈസൽ എരമം, പി.സി.ബി ചീഫ് എൻജിനീയർ ബാബുരാജ്, മറ്റു മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.