സീപോർട്ട്-എയർപോർട്ട് റോഡ്; എൻ.എ.ഡി ഭൂമി അനുവദിച്ച് ഉത്തരവിറങ്ങി
text_fieldsകളമശ്ശേരി: സീപോർട്ട്-എയർപോർട്ട് റോഡ് വികസനത്തിനായി എൻ.എ.ഡിയിൽനിന്ന് വിട്ടുകിട്ടേണ്ട 2.4967 ഹെക്ടർ ഭൂമി, റോഡ് നിർമാണത്തിന് അനുവദിച്ച് രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി.
തൃക്കാക്കര നോർത്ത് വില്ലേജിലെ നിർദിഷ്ട ഭൂമി നിർമാണപ്രവർത്തനങ്ങൾക്കായി റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപറേഷന് ഒരുമാസത്തിനകം കൈമാറും. ഭൂമി വിലയായി 23.06 കോടി രൂപ ആർ.ബി.ഡി.സി.കെ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് നൽകണം. ഭൂമി ലഭ്യമാക്കിയതിന് പകരമായി എൻ.എ.ഡിയുമായുള്ള ധാരണപ്രകാരം എച്ച്.എം.ടി-എൻ.എ.ഡി റോഡ് 5.5 മീ. വീതിയിൽ പുനർനിർമിക്കും. സീപോർട്ട്- എയർപോർട്ട് നിർമാണത്തിലെ പ്രധാന തടസ്സം ഇതിലൂടെ പരിഹരിക്കപ്പെട്ടതായി മന്ത്രി പി. രാജീവ് പറഞ്ഞു.
ഭൂമി അളന്നുതിരിക്കുന്നതിന് ഉദ്യോഗസ്ഥരുടെ പ്രത്യേക ബോർഡ് രൂപവത്കരിക്കും. എച്ച്.എം.ടി-എൻ.എ.ഡി തൊരപ്പ് റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി വൈദ്യുതി പോസ്റ്റുകൾ, ട്രാൻസ്ഫോർമറുകൾ, ടെലിഫോൺ പോസ്റ്റുകൾ തുടങ്ങിയവ മാറ്റിസ്ഥാപിക്കും. പുതിയ ട്രാഫിക് സിഗ്നൽ പോയൻറുകളും വരും.
സീപോർട്ട്-എയർപോർട്ട് റോഡ് വികസന ഭാഗമായി എൻ.എ.ഡി-മഹിളാലയം റീച്ചിന് ആവശ്യമായ 722.04 കോടി കൂടി അനുവദിക്കാൻ കഴിഞ്ഞ കിഫ്ബി ബോർഡ് യോഗം തീരുമാനിച്ചിരുന്നു. പുതുക്കിയ എസ്റ്റിമേറ്റനുസരിച്ചുള്ള തുകയാണ് അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് മന്ത്രിമാരായ പി. രാജീവ്, കെ. രാജൻ, പി.എ. മുഹമ്മദ് റിയാസ് എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ നിർദേശിച്ചതനുസരിച്ചാണ് പുതുക്കിയ എസ്റ്റിമേറ്റ് കിഫ്ബി ബോർഡ് അംഗീകരിച്ചത്.
സീപോർട്ട്-എയർപോർട്ട് വികസന ഭാഗമായി നാലുവരിയാക്കാൻ അവശേഷിക്കുന്ന ഭാരതമാതാ കോളജ് - കലക്ടറേറ്റ് റീച്ചും ഇൻഫോപാർക്ക് - ഇരുമ്പനം പുതിയ റോഡ് റീച്ചും നാലുവരിയാക്കാനും എച്ച്.എം.ടി ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട തുടർനടപടികൾ വേഗത്തിലാക്കാനും നടപടികൾ ആരംഭിച്ചിട്ടുണ്ട്.
റോഡ് വികസനത്തിന് ആവശ്യമായ എച്ച്.എം.ടി ഭൂമി ലഭ്യമാക്കുന്നതിന് 16.35 കോടി ദേശസാൽകൃത ബാങ്കിൽ കെട്ടിവെക്കാൻ സുപ്രീംകോടതി അനുമതി തേടുകയും ചെയ്തു. കഴിഞ്ഞ 20 വർഷത്തിലേറെയായി റോഡ് വികസനത്തിലെ പ്രധാന കടമ്പയായിരുന്നു എൻ.എ.ഡി ഭൂമിപ്രശ്നം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.