ദേശീയപാതയോരത്തെ നടപ്പാത തകർന്നു; കാൽനട അസാധ്യം
text_fieldsകളമശ്ശേരി: ദേശീയപാതയോരത്തെ നടപ്പാത തകർന്നു. ഇടപ്പള്ളി മുതൽ കളമശ്ശേരിവരെയുള്ള ഭാഗങ്ങളിൽ ഭിന്നശേഷിക്കാർക്ക് ഉൾപ്പെടെ സൗകര്യപ്പെടുത്തി നിർമിച്ച നടപ്പാതയാണ് തകർന്നത്.
മെട്രോ നിർമാണത്തിന് പിന്നാലെ ദേശീയപാതയോരം സൗന്ദര്യവത്കരിച്ചതിന്റെ ഭാഗമായാണ് നടപ്പാത നിർമിച്ചത്. എന്നാൽ, ഒരുവർഷം തികയും മുമ്പേ പലഭാഗത്തും തകർന്നു. പൊതുകാന പുനർനിർമിച്ച് അതിനുമേലെ സ്ലാബ് വിരിച്ചാണ് പാത സജ്ജീകരിച്ചത്. ഭിന്നശേഷിക്കാർക്ക് നടക്കാൻ പാതക്ക് മധ്യഭാഗത്ത് പ്രത്യേക അടയാളത്തിൽ കട്ടയും വിരിച്ചിരുന്നു. എന്നാൽ, കളമശ്ശേരി ഭാഗത്ത് ഇതടക്കം തകർന്ന് ഒരടിപോലും മുന്നോട്ടുപോകാനാകാത്ത നിലയിലാണ്.
ഒരുവർഷം മുമ്പ് സ്വകാര്യവ്യക്തി പണിക്കാരെ നിർത്തി തകർന്നഭാഗം അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കിയിരുന്നു. എന്നാൽ, അതും തകർന്ന നിലയിലാണ്. പാതക്ക് താഴെ കാന ഇടിഞ്ഞതാകാം തകരാൻ കാരണമെന്ന് പറയുന്നു. പ്രായമായവരും സ്ത്രീകളുമടക്കം യാത്രക്കാർ ഏറെ പ്രയാസപ്പെട്ടാണ് തകർന്ന പാതയിലൂടെ സഞ്ചരിക്കുന്നത്. വർഷങ്ങളായി തകർന്നുകിടക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടും നഗരസഭയുടെ ഭാഗത്തുനിന്ന് ഒരു നടപടിയുമില്ലെന്നാണ് നാട്ടുകാരുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.