എം.ഡി.എം.എയുമായി യുവതിയടക്കം ആറ് വിദ്യാർഥികൾ അറസ്റ്റിൽ
text_fieldsകളമശ്ശേരി: താമസസ്ഥലത്തുനിന്ന് 8.3 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി യുവതിയടക്കം ആറു കോളജ് വിദ്യാർഥികൾ അറസ്റ്റിൽ. ഇടപ്പള്ളി ടോൾ വി.പി. മരക്കാർ റോഡിന് സമീപത്തെ ഹരിത നഗറിൽ ലെ മാൻഷൻ സ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. തമ്മനം സ്വദേശി നിസാം നിയാസ് (20), കളമശ്ശേരി എച്ച്.എം.ടി കോളനി സ്വദേശി അജിസാൽ (20), എറണാകുളം കടമക്കുടിയിൽ മൂലമ്പിള്ളി സ്വദേശിനി ഐശ്വര്യ പ്രസാദ് (20), ആലപ്പുഴ തിരുവമ്പാടി സ്വദേശി എബിൻ മുഹമ്മദ് (22), ആലപ്പുഴ സൗത്ത് ആര്യാട് സ്വദേശി സചിൻ സാബു (25), കളമശ്ശേരി മൂലേപ്പാടം നഗറിൽ താമസിക്കുന്ന വിഷ്ണു എസ്. വാര്യർ (20) എന്നിവരാണ് അറസ്റ്റിലായത്.
സചിൻ സാബുവാണ് ബംഗളൂരുവിൽനിന്ന് മയക്കുമരുന്ന് എത്തിച്ച് നൽകിയിരുന്നത്. യുവതികളെ കാര്യറായി ഉപയോഗിച്ചാണ് ഇവർ നഗരത്തിലെ പ്രമുഖ കോളജ് കാമ്പസുകളിൽ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നത്. വിദ്യാർഥികളായ പ്രതികൾ ക്ലാസിൽ കയറാതെ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ആഡംബര മുറികൾ വാടകക്കെടുത്താണ് വിപണനം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
യുവാക്കൾക്കിടയിൽ എം എന്ന പേരിൽ അറിയപ്പെടുന്ന എം.ഡി.എം.എ ആണ് കൂടുതലായി കച്ചവടം ചെയ്തിരുന്നത്. ഇത് ഉയർന്ന വിലയ്ക്ക് വിറ്റഴിച്ച് ആഡംബര ജീവിതം നയിച്ചുവരുകയായിരുന്നു ഇവർ. ലഹരി ഉപയോഗിക്കുന്നതിന് ഇടപാടുകാർക്ക് മുറി എടുത്തു നൽകുന്നതുൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവർ ചെയ്തു കൊടുത്തിരുന്നതായും പൊലീസ് പറഞ്ഞു.
കൊച്ചി സിറ്റി പൊലീസ് കമീഷണർ സി.എച്ച്. നാഗരാജുവിന് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് നർക്കോട്ടിക് സെൽ അസിസ്റ്റന്‍റ് കമീഷണർ അബ്ദുൽ സലാം, ഡാൻസാഫ് എസ്.ഐ രാമു ബാലചന്ദ്രബോസ്, കളമശ്ശേരി എസ്.ഐ ദീപു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
വിവരങ്ങൾ നൽകാം, ആപ്പിലൂടെ
കളമശ്ശേരി: യുവാക്കളുടെയും വിദ്യാർഥികളുടെയും ഭാവി തകർക്കുന്ന മയക്കുമരുന്ന് മാഫിയയെക്കുറിച്ച് വിവരം ലഭിച്ചാൽ അവ അറിയിക്കണമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ. 9995966666 നമ്പറിൽ വാട്സ് ആപ് ഫോർമാറ്റിലുള്ള 'യോദ്ധാവ്' ആപ്പിലേക്ക് വിഡിയോ ആയോ, ഓഡിയോ ആയോ വിവരങ്ങൾ അയക്കാം. സിറ്റി നർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമീഷണർ: 9497990065, ഡാൻസാഫ്: 9497980430.
പറവൂരിൽ വൻ ലഹരിമരുന്ന് വേട്ട: അഞ്ച് യുവാക്കൾ പിടിയിൽ
പറവൂർ: ലഹരിയും ലൈംഗികതയും ഒരുമിച്ച് ആസ്വദിക്കാൻ അവസരമൊരുക്കുന്ന ഓയോ റൂമുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരിമരുന്ന് വിൽപന സംഘത്തെ പറവൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. നിജുമോന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടികൂടി. ഇവരിൽനിന്നു എം.ഡി.എം.എ, കഞ്ചാവ്, ഹഷീഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു. സിനിമ- സീരിയൽ മേഖലയിൽ ലഹരിവസ്തുക്കൾ കൈമാറുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്നാണ് നിഗമനം.
ഡി.ജെ പാർട്ടികളിൽ സജീവമായ കൊയിലാണ്ടി ചക്കിട്ടപാറ സ്വദേശി രാജേഷ്, ഓയോ റൂം മാനേജർ മുകുന്ദപുരം വെള്ളാങ്ങല്ലൂർ സ്വദേശി വിഷ്ണുദേവ്, സിനിമ-സീരിയൽ രംഗത്ത് ജൂനിയർ ആർട്ടിസ്റ്റുകളെ വിതരണം ചെയ്യുന്ന എളമക്കര പുതുക്കലവട്ടം സ്വദേശി ബാസിം എന്ന റിയാസ്, സിനിമ മേക്കപ്പ് ആർട്ടിസ്റ്റ് കോഴിക്കോട് രാമനാട്ടുകര സ്വദേശി അഫ്സൽ, ഓയോ റൂമുകളിൽ പെൺകുട്ടികളെ എത്തിച്ചു നൽകുന്ന മുഹമ്മദ് റഫീഖ് എന്നിവരാണ് അറസ്റ്റിലായത്.
പ്രതികൾ 18നും 35നും ഇടക്ക് പ്രായമുള്ളവരാണ്. വേഗത്തിൽ പണം സമ്പാദിക്കാനാണ് പ്രതികൾ ലഹരി വിൽപന രംഗത്തേക്ക് കടന്നത്. പറവൂർ മുനിസിപ്പൽ സ്റ്റേഡിയത്തിന് സമീപത്തുനിന്നും എം.ഡി.എം.എയുമായി രാജേഷിനെ പിടികൂടിയ ശേഷം നടത്തിയ അന്വേഷണം എറണാകുളം ഇടപ്പള്ളിയിലെ സൗപർണിക ഓയോ റൂമിൽ എത്തുകയായിരുന്നു. അവിടെ നിന്നാണ് കൂടുതൽ എം.ഡി.എം.എയും കഞ്ചാവും ഹഷീഷ് ഓയിലും കണ്ടെത്തിയത്.
വാട്സ്ആപ് വഴി ബന്ധപ്പെട്ട് ഇടപാട് ഉറപ്പിക്കുകയും ആവശ്യക്കാർക്ക് സ്ഥലവും സൗകര്യവും ഒരുക്കുകയുമാണ് പ്രതികൾ ചെയ്തിരുന്നത്. റെയ്ഡ് സമയത്തും ഇവരുടെ ഫോണിലേക്ക് വീട്ടമ്മമാരും സിനിമ മേഖലയിലുള്ളവരും ബന്ധപ്പെട്ടിരുന്നുവത്രെ. അസി. എക്സൈസ് ഇൻസ്പെക്ടർ വി.എം. ഹാരിസ്, പ്രിവന്റീവ് ഓഫിസർ വി.എസ്. ഹനീഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ എം.ടി. ശ്രീജിത്ത്, ഒ.എസ്. ജഗദീഷ്, വനിത സി.ഇ.ഒ എം.എ. ധന്യ എന്നിവരും റെയ്ഡിൽ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.