കളമശ്ശേരിയിലെ മഞ്ഞപ്പിത്ത വ്യാപനം; ഉറവിടം കിണർ വെള്ളം
text_fieldsകളമശ്ശേരി: സ്വകാര്യ ചടങ്ങിന് ഉപയോഗിച്ച കിണറിലെ വെള്ളമാണ് മഞ്ഞപ്പിത്ത വ്യാപനത്തിന് ഇടയാക്കിയതെന്ന് പ്രഥമിക വിലയിരുത്തല്‍. കളമശ്ശേരി നഗരസഭയില്‍ മൂന്ന് വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് മഞ്ഞപ്പിത്ത കേസുകള്‍ കണ്ടെത്തിയതിനെ തുടർന്ന് മന്ത്രി പി. രാജീവ് വിളിച്ച അടിയന്തര യോഗത്തിലാണ് വിലയിരുത്തൽ. വ്യാപനം തടയാൻ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്ന് മന്ത്രി പറഞ്ഞു.
നഗരസഭയിലെ 10, 12, 14 വാര്‍ഡുകളിലാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. വിപുലമായ ബോധവത്കരണം നടത്തും. രോഗവ്യാപനത്തിന് ഇടയാക്കിയതെന്ന് പറയുന്ന കിണറിനെ കൂടാതെ മറ്റ് കിണറുകളിലും ഇ കോളി ബാക്ടീരിയ സാന്നിധ്യമുണ്ട്. 28 ദിവസത്തിന് ശേഷം മാത്രമെ രോഗലക്ഷണം കാണാനാകൂ എന്നതിനാല്‍ ചടങ്ങില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ ആശ വര്‍ക്കര്‍മാർ വഴി ശേഖരിച്ച് അവര്‍ക്ക് പ്രത്യേക പരിശോധന നടത്തും.
പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളജിന്റെയും മറ്റ് ആശുപത്രികളുടെയും സഹായത്തോടെ മൂന്ന് വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ശനിയാഴ്ച മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും.
വീടുകളിലെയും കിണറുകളിലെയും വെള്ളം ശുദ്ധീകരിക്കാൻ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ഞായര്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ക്ലോറിനേഷന് നടത്തും. കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ വേണ്ടത്ര ശ്രദ്ധയില്ലാതെ കക്കൂസ് മാലിന്യങ്ങള്‍ ഒഴുക്കുന്നുണ്ടെന്ന പരാതിയില്‍ വിപുലമായ പരിശോധന നടത്തും.
ചടങ്ങുകളിൽ പൊതുവായി ഭക്ഷണം വിതരണം ചെയ്യുന്നുണ്ടെങ്കില്‍ വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ആശ വര്‍ക്കര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പടുന്ന സംഘം പരിശോധന നടത്തണം. ആശ വര്‍ക്കര്‍മാരുടെ ശ്രദ്ധയില്‍പെടുന്ന കാര്യങ്ങള്‍ ഉടന്‍ വാര്‍ഡ് കൗണ്‍സിലര്‍മാരുടെ ശ്രദ്ധയില്‍ പെടുത്തണം.
ആശ വര്‍ക്കര്‍മാര്‍ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ക്ക് നല്കുന്ന വിവരങ്ങള്‍ ഏകോപിപ്പിച്ച് ദ്രുതഗതിയില്‍ റിപ്പോര്‍ട്ട് മുനിസിപ്പാലിറ്റിക്ക് നല്‍കണമെന്നും മന്ത്രി പറഞ്ഞു. നഗരസഭ ചെയര്പേഴ്സൻ സീമ കണ്ണന്, വൈസ് ചെയര്പേഴ്സൻ സല്‍മ അബൂബക്കര്‍, ജില്ല ആസൂത്രണ സമിതി അംഗം ജമാല്‍ മണക്കാടൻ, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എ.കെ നിഷാദ്, ജില്ല മെഡിക്കല്‍ ഓഫിസറുടെ ചാർജ് വഹിക്കുന്ന കെ.കെ ആശ, കൗൺസിലർമാർ, ആരോഗ്യപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
മൂന്ന് വാർഡുകളിൽ അതിജാഗ്രത
കളമശ്ശേരി: മഞ്ഞപ്പിത്ത വ്യാപനം സ്ഥിരീകരിച്ച കളമശ്ശേരിയിലെ മൂന്ന് വാർഡുകളിൽ അതിജാഗ്രത. നഗരസഭയിലെ 10, 12, 14 വാര്‍ഡുകളിലായി 13 പേര്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. നഗരസഭ പരിധിയിലെ ചില ഹോട്ടലുകളില്‍നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്.
വെള്ളം, ഐസ് എന്നിവയിലൂടെ രോഗം പകര്‍ന്നതായാണ് വ്യക്തമാകുന്നത്. രോഗം പടര്‍ന്ന മേഖലകളില്‍ ക്ലോറിനേഷന് നടത്തുകയും കുടിവെള്ളം പരിശോധനക്കയക്കുകയും ചെയ്തിട്ടുണ്ട്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ മുപ്പതിലധികം പേര്‍ക്കാണ് രോഗലക്ഷണമുള്ളത്.
പത്താം വാര്‍ഡില്‍ പെരിങ്ങഴയില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ പത്തുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 10, 12 വാര്‍ഡുകളിലാണ് കൂടുതല്‍ രോഗബാധ. വിട്ടുമാറാത്ത പനി, ഛര്‍ദി, തലകറക്കം, ക്ഷീണം, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് മിക്കവരും ആശുപത്രിയിലെത്തിയത്. പ്രതിരോധ നടപടികളുടെ ഭാഗമായി സൂപ്പര്‍ ഡ്രൈവ് ആരംഭിച്ചതായി ചെയര്പേഴ്സൻ സീമ കണ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.