സംസ്ഥാനതല ബാഡ്മിന്റൺ ചാമ്പ്യൻഷിപ്; ഇരട്ടക്കിരീടം നേടി സഹോദരങ്ങൾ
text_fieldsകളമശ്ശേരി: ബാഡ്മിന്റൺ ഇഷ്ടക്കാരനായ പിതാവിന്റെ വഴിയിൽ മക്കൾ നേടിയത് ഇരട്ടക്കിരീടങ്ങൾ. കളമശ്ശേരി നീറുങ്കൽ വീട്ടിൽ ഷബീറിന്റെയും ഫൗസിയയുടെയും മക്കളായ ജാവേദ് റഹ്മാൻ (13), ജുവൈരിയ ഷെഹ്സാദി (10) എന്നിവരാണ് നാല് കിരീടങ്ങൾ സ്വന്തമാക്കിയത്.
ജാവേദ് അണ്ടർ 15 ഡബിൾസിലും മിക്സഡ് ഡബിൾസിലും സഹോദരി ജുവൈരിയ അണ്ടർ 11 സിംഗിൾസ്, ഡബിൾസ് എന്നിവയിലുമാണ് സംസ്ഥാനതല ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ നേട്ടം കൈവരിച്ചത്.
പുലർച്ച ഷബീർ ഷട്ടിൽ കളിക്കാനിറങ്ങുമ്പോൾ നാലാം വയസ്സ് മുതൽ ജാവേദ് ഒപ്പം കൂടും. കോർട്ടിൽ മറ്റാരുമില്ലെങ്കിൽ ജാവേദ് ബാറ്റെടുത്ത് വീശും. വീട്ടിൽ എത്തിയാൽ വീടിനകത്തും പുറത്തും ബാറ്റെടുക്കും. കളിക്കാൻ മാതാവ് ഫൗസിയയെയും വിളിക്കും. താല്പര്യം ശ്രദ്ധയിൽപെട്ട ഷബീറും ഫൗസിയയും പരിശീലനം നൽകാൻ തീരുമാനിച്ചു. അതിനായി കെ.ബി. പാർക്ക് അക്കാദമിയിൽ ചേർത്തു. തുടർന്ന് ആറ് വയസ്സായപ്പോൾ കാക്കനാട്ടെ ഖേൽ അക്കാദമിയിൽ കൂടുതൽ പരിശീലനത്തിനയച്ചു.
പിന്നാലെ സഹോദരി ജുവൈരിയയും ആറാം വയസ്സിൽ ജാവേദിനൊപ്പം കളിക്കാൻ തുടങ്ങി. അതോടെ ഇരുവരെയും എളമക്കരയിലെ ആകാശ് ജെ.കെ. ബാഡ്മിന്റൺ അക്കാദമിയിൽ കോച്ച് ആകാശിന്റെ പരിശീലനത്തിൽ ചേർക്കുകയായിരുന്നു.
പിന്നാലെ ജില്ല തലത്തിലും സംസ്ഥാന തലത്തിലും ടീമുകളിൽ ഇടം നേടി. ഡബിൾസിൽ ജപ്പാനീസായ കിരൺ നൊഗുച്ചിയായിരുന്നു ജാവേദിന്റെ പാർട്ണർ. മിക്സഡ് ഡബിൾസിൽ നിനു മരിയ തോമസും.
സഞ്ജന മനോജ് ആയിരുന്നു ഡബിൾസിൽ ജുവൈരിയയുടെ പാർട്ണർ. ഇനി ദേശീയ ടീമിൽ ഇടം നേടാനുള്ള പരിശീലനത്തിലാണ് ഇരുവരും.
കേരളത്തിന് പുറത്ത് നല്ല അക്കാദമിയിൽ ചേർത്ത് പ്രാക്ടീസ് നൽകണമെന്നാണ് ആഗ്രഹം.
അതിന് ഏതെങ്കിലും സ്പോൺസർഷിപ് പ്രതീക്ഷിക്കുന്നതായും കുടുംബം പറയുന്നു. ജാവേദ് പൊന്നുരുന്നി സി.കെ.സി.എച്ച്.എസിൽ എട്ടിലും ജുവൈരിയ ഇടപ്പള്ളി പയസ് സ്കൂളിൽ അഞ്ചിലുമാണ് പഠിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.