കളമശ്ശേരിയിൽ തെരുവുനായ് ആക്രമണം; എട്ടുപേർക്ക് കടിയേറ്റു
text_fieldsകളമശ്ശേരി: നഗരസഭയുടെ വിവിധയിടങ്ങളിൽ തെരുവ് നായ് ആക്രമണത്തിൽ കുട്ടിയടക്കം എട്ട് പേർക്ക് കടിയേറ്റു. ചങ്ങമ്പുഴ നഗർ, ഉണിച്ചിറ -യതീം ഖാന റോഡ്, അറഫ നഗർ, ഹിദായത്ത് നഗർ തുടങ്ങിയിടങ്ങളിലാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്. സൗത്ത് കളമശ്ശേരി ചങ്ങമ്പുഴ നഗറിൽ വീട്ടിലെ വളർത്ത് നായ്യെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച വയോധികക്ക് ഗുരുതരമായി കടിയേറ്റു.
വീട്ടിലെ മതിൽ ചാടിക്കടന്ന നായ് വളർത്ത് നായെ ആക്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട മാർഗരറ്റ് (85) തേങ്ങ എടുത്തെറിഞ്ഞ് ഓടിക്കാൻ ശ്രമിക്കുന്നതിനിടെ അവർക്ക് നേരെ ചാടി വീണ് ആക്രമിക്കുകയായിരുന്നു. മുഖത്തും കാലിലും കടിച്ചു. ബഹളം കേട്ട് ഗേറ്റിന് പുറത്ത് നിന്നവർ ഓടിയെത്തി രക്ഷപ്പെടുത്തി.
പുറത്തേക്കോടിയ നായ് മറ്റ് മൂന്ന് പേരെയും കടിച്ചു. ബൈക്ക് യാത്രികരായ രണ്ട് പേരെയും കടിച്ചു. പ്രദേശത്തെ ഉണ്ണികൃഷ്ണന് (80) കടിയേറ്റു. ഇവർ സമീപത്തെ സ്വകാര്യ ആശുപത്രിയിലും വയോധികയെ എറണാകുളത്തെ മറ്റൊരാശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഹിദായത്ത് നഗറിൽ ഗവ. യു.പി സ്കൂളിലെ അന്തർ സംസ്ഥാന തൊഴിലാളി കുടുംബത്തിൽനിന്നുള്ള മൂന്ന് വയസ്സുകാരനും നായ്യുടെ കടിയേറ്റു. സ്കൂൾ ഗേറ്റിന് അടുത്ത് നിൽക്കവെ കൈക്കാണ് കടിച്ചത്.
ഉടൻ സമീപത്തെ കയറ്റിറക്ക് തൊഴിലാളികൾ ഓടിയെത്തി നായെ ഓടിച്ചു കുട്ടിയെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. അവിടെനിന്ന് സർവകലാശാല ഭാഗത്തേക്കാണ് നായ് ഓടിപ്പോയതെന്നാണ് പ്രദേശവാസികൾ പറയുന്നത്. മറ്റ് മൂന്ന് പേർക്ക് കൂടി കടിയേറ്റു. കടിയേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയതായാണ് വിവരം. ഒരേ നായ് തന്നെയാണ് എല്ലാവരെയും കടിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.