ടാങ്കർ ലോറികളിൽ ആർ.ഒ വെള്ളമെത്തിക്കുന്ന പദ്ധതിക്ക് തുടക്കം
text_fieldsകളമശ്ശേരി: ടാങ്കർ ലോറികളിൽ ആർ.ഒ (റിവേഴ്സ് ഓസ്മോസിസ്) വെള്ളമെത്തിക്കുന്ന പദ്ധതിക്ക് കളമശ്ശേരിയിൽ തുടക്കമായി. മഞ്ഞപ്പിത്തമുൾപ്പെടെ ജലജന്യരോഗങ്ങൾ പടരുമ്പോൾ ഉയർന്ന ഗുണനിലവാരമുള്ള ശുദ്ധജലം താരതമ്യേന കുറഞ്ഞ വിലയിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം.
കോർപറേഷൻ, നഗരസഭകൾ എന്നിവയുമായി സഹകരിച്ച് നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്റ്റീൽ ടാങ്ക് സ്ഥാപിക്കും. ഇതിൽ നിന്ന് പൊതുജനങ്ങൾക്ക് പണം നൽകി ആവശ്യത്തിന് കുടിവെള്ളം ശേഖരിക്കാൻ സൗകര്യമൊരുക്കും. നിലവിൽ ഒരു ലിറ്റർ കുപ്പിയിൽ വരുന്ന 15 രൂപ വിലയുള്ള വെള്ളം ആർ.ഒ ഔട്ട്ലറ്റ് വഴി അഞ്ച് രൂപയിൽ താഴെ വിലക്ക് നൽകാനാകുമെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
ഇങ്ങനെ സ്ഥാപിക്കുന്ന ടാങ്കുകളിൽ സ്റ്റീൽടാങ്കർ വഴി ജലമെത്തിക്കാൻ കഴിയും. ഇതോടെ പ്ലാസ്റ്റിക് കുപ്പികളുടെ അമിത ഉപയോഗവും മാലിന്യവും കുറക്കാനും കഴിയുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പത്തടിപ്പാലം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് വളപ്പിൽ നടന്ന ചടങ്ങിൽ ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻ പിള്ള വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. ‘പാനി’ എന്ന പേരിൽ പ്രത്യേകം രൂപകൽപ്പന ചെയ്ത സ്റ്റീൽ ടാങ്കറിൽ ജില്ല ഡ്രിങ്കിങ് വാട്ടർ ട്രാൻസ്പോർട്ടേഴ്സ് വെൽഫെയർ അസോസിയേഷനാണ് വാർഷിക സമ്മേളനത്തോടനുബന്ധിച്ച് ആർ.ഒ പ്ലാൻറിൽ ശുദ്ധീകരിച്ച വെള്ളം വിതരണം ചെയ്യുന്ന പദ്ധതി ആരംഭിച്ചത്. സംസ്ഥാനത്ത് ഇത്തരത്തിൽ ടാങ്കറിൽ ആർ.ഒ കുടിവെള്ള വിതരണം നടത്തുന്നത് ആദ്യമായാണെന്ന് ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.