എച്ച്.എം.ടി കവല ട്രാഫിക് പരിഷ്കാരം; രണ്ടാംദിവസം ദേശീയപാതയിൽ ഗതാഗതക്കുരുക്ക്
text_fieldsകളമശ്ശേരി: എച്ച്.എം.ടി കവലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപ്പാക്കിയ ട്രാഫിക് പരിഷ്കാരത്തിന്റെ രണ്ടാം നാൾ ദേശീയപാതയിലെ ഒരുവശത്ത് വലിയ കുരുക്ക് അനുഭവപ്പെട്ടു. രാവിലെ എച്ച്.എം.ടി കവലയിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ് ആലുവ കമ്പനിപ്പടി മുതൽ ആര്യാസ് ജങ്ഷൻ വരെ നാല് കിലോമീറ്ററോളം ദൂരം മന്ദഗതിയിലാണ് വാഹനങ്ങൾ എത്തിയത്.
ആലുവ ഭാഗത്തുനിന്നും എറണാകുളം ടി.വി.എസ് ജങ്ഷൻ ഭാഗത്തുനിന്നും എച്ച്.എം.ടി കവലയിലേക്ക് വാഹനങ്ങൾ കടക്കുന്നതിലെ തിരക്കാണ് വാഹനങ്ങളുടെ നിര നീളാനിടയാക്കിയത്. ഗതാഗതതടസ്സം ഒഴിവാക്കാൻ പൊലീസുകാർക്കൊപ്പം രാവിലെ മന്ത്രി പി. രാജീവിന്റെ ഓഫിസ് ജീവനക്കാരും ഡി.വൈ.എഫ്.ഐ പ്രവർത്തകരും നിരത്തിലുണ്ടായിരുന്നു. എന്നാൽ, ടി.വി.എസ് ജങ്ഷൻ മുതൽ ആലുവയിലേക്കുള്ള ദേശീയ പാതയിലെ യാത്ര സുഗമമായിരുന്നു.
രണ്ട് സിഗ്നലുകൾ ഒഴിവാക്കിയതും നോർത്ത് കളമശ്ശേരിയിലെ ഗ്രൗണ്ട് സ്റ്റോപ്പിൽ മാറ്റം വരുത്തിയതും ഗതാഗതം സുഗമമാക്കി. ഇതിനിടെ റെയിൽവേ മേൽപാലത്തിലൂടെ കാൽനടക്കാർക്ക് താൽക്കാലികമായി ഒരുക്കിയിരുന്ന റിബൺ കെട്ടിയുള്ള സൗകര്യം ഉച്ചയോടെ അധികൃതർ നീക്കംചെയ്തു. ഇത് കാൽനടക്കാർക്ക് ഭീഷണിയായി. കാൽനടക്കാരന്റെ കൈയിൽ തട്ടി ബൈക്ക് കടന്നുപോയത് പ്രതിഷേധത്തിന് വഴിവെച്ചതോടെ വീണ്ടും പഴയ നിലയിൽ റിബൺ വലിച്ചുകെട്ടി.
ട്രാഫിക് പരിഷ്കാരത്തിന്റെ ഭാഗമായി ജങ്ഷനിലെ റോഡരികുകളിൽ പാർക്കിങ് നിരോധിച്ചത് കച്ചവടക്കാരെയും ഇരുചക്ര വാഹനക്കാരെയും വലച്ചിരിക്കുകയാണ്. പകരം സംവിധാനം ഒരുക്കാതെയാണ് നിരോധനം. കച്ചവടസ്ഥാപനങ്ങൾക്ക് മുന്നിൽ അശാസ്ത്രീയമായി കാന നിർമിച്ചതുമൂലം പാർക്കിങ് സൗകര്യം നഷ്ടപ്പെട്ട നിലയിലാണ്. അതിനാൽ വാഹനങ്ങൾ റോഡരികിലാണ് നിർത്തിയിടുന്നത്. പരിഷ്കാരത്തിന്റെ ആദ്യ ദിനത്തിൽ രാത്രിയിൽ വാഹനനിയന്ത്രണത്തിന് ആളില്ലാതെ വന്നതോടെ ടി.വി.എസ് ജങ്ഷനിൽ വലത്തോട്ട് തിരിയേണ്ട വലിയ വാഹനങ്ങൾ ഇടത്തോട്ടുതിരിഞ്ഞത് ദേശീയപാത കുസാറ്റ് സിഗ്നൽ ജങ്ഷൻ വരെ വാഹനക്കുരുക്കുണ്ടാക്കി. പിന്നീട് പൊലീസെത്തി വാഹനങ്ങൾ തിരിച്ചുവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.