രാസമാലിന്യം നിറഞ്ഞ കുഴിക്കണ്ടം തോട് അശാസ്ത്രീയമായി ശുചീകരിക്കുന്നതായി ആരോപിച്ച് പ്രവൃത്തി തടഞ്ഞു
text_fieldsകളമശ്ശേരി: വ്യവസായ ശാലകളിൽനിന്നുള്ള മാലിന്യം കെട്ടിക്കിടക്കുന്ന തോട് അശാസ്ത്രീയമായി ശുചീകരിക്കുന്നതായി ആരോപിച്ച് പ്രവൃത്തി പരിസ്ഥിതി പ്രവർത്തകർ തടഞ്ഞു. ഏലൂർ നഗരസഭയുടെ ആവശ്യപ്രകാരം ഇറിഗേഷൻ വകുപ്പ് മാലിന്യം നിറഞ്ഞ ഏലൂരിലെ കുഴിക്കണ്ടം തോട് ആഴം കൂട്ടി ശുചീകരിക്കുന്ന പ്രവൃത്തിയാണ് തടഞ്ഞത്.
അടിത്തട്ടിൽ കിടക്കുന്ന മാലിന്യം നിറഞ്ഞ ചളി നീക്കുന്നത് ശാസ്ത്രീയമായിരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരിസ്ഥിതി പ്രവർത്തകർ പ്രവൃത്തി തടഞ്ഞത്. കെ.എസ്.പി.സി.ബിയും സി.പി.സി.ബിയും മുഖേന കുഴിക്കണ്ടം തോട്ടിൽ നടത്തിയ പഠനത്തിൽ മാലിന്യ മുക്തമാക്കാൻ പദ്ധതി തയാറാക്കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ നാഷനൽ ഗ്രീൻ ട്രൈബ്യൂണൽ തോട് ശുചീകരിക്കാൻ നിർദേശിച്ചിരുന്നു. ശാസ്ത്രീയമായി ശുചീകരിക്കണമെന്നായിരുന്നു 2019ലെ ഉത്തരവിലെ നിർദേശം. എന്നാൽ, നാളിതുവരെ പി.സി.ബിയോ സർക്കാറോ, ശുചീകരിക്കാൻ തയാറായില്ല. ഇതിനിടയിലാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മാലിന്യം കോരിയെടുത്ത് അലക്ഷ്യമായി പൊതുനിരത്തിൽ നിക്ഷേപിച്ചതെന്നാണ് പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നത്.
പ്രവൃത്തി തടഞ്ഞതോടെ നഗരസഭ ചെയർമാൻ എ.ഡി. സുജിൽ സ്ഥലത്തെത്തുകയും തടഞ്ഞവരുമായി വാക്കേറ്റത്തിലെത്തിയെങ്കിലും പൊലീസ് ഇടപ്പെട്ട് രംഗം ശാന്തമാക്കി. തുടർന്ന് പ്രവൃത്തി നിർത്തി വെച്ചിരിക്കുകയാണ്. തോട്ടിൽനിന്നും കോരിയ മാലിന്യം അലക്ഷ്യമായി തള്ളിയിടത്തുനിന്നും സാമ്പിൾ എടുത്ത് പരിശോധിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഏലൂർ സ്വദേശി മുഹമ്മദ് ഇഖ്ബാൽ പി.സി.ബി എൻവയൺമെന്റെ് എൻജിനീയർക്ക് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.