പെരിയാറിൽ ജലനിരപ്പ് ഉയർന്നു; ഏലൂരിൽ 135 വീടുകളിൽ വെള്ളംകയറി
text_fieldsകളമശ്ശേരി: പെരിയാറിൽ ജലനിരപ്പ് ഉയർന്നതിനാൽ ഏലൂരിൽ താഴ്ന്ന പ്രദേശത്തെ 135ഓളം വീടുകളിൽ വെള്ളംകയറി. കുറ്റിക്കാട്ടുകര ബോസ്കോ കോളനി, പവർലൂം, ചിറാക്കുഴി, വലിയചാൽ, പത്തേലക്കാട് തുടങ്ങി താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. ഇവിടങ്ങളിലെ കുടുംബങ്ങളെ കുറ്റിക്കാട്ടുകര ഗവ. സ്കൂൾ, ഐ.എ.സി യൂനിയൻ ഓഫിസ്, എം.ഇ.എസ് ഈസ്റ്റേൺ സ്കൂൾ, പാതാളം ഗവ. സ്കൂൾ എന്നിവിടങ്ങളിൽ തുറന്ന ക്യാമ്പിലേക്ക് മാറ്റി. നാല് ക്യാമ്പുകളിലായി 343 പേരാണുള്ളത്. പുലർച്ച നാലോടെ ശക്തമായ മഴയോടെയാണ് പ്രദേശങ്ങളിലേക്ക് വെള്ളം കയറിത്തുടങ്ങിയത്. ഉടൻ വാർഡ് കൗൺസിലർമാരായ കെ.എ. ഇസ്മയിൽ, നെസി ബാബു, അനിൽകുമാർ, കെ.എ. മാഹിൻ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനത്തിനിറങ്ങി. പ്രായമായവരെയും കുട്ടികളെയും വഞ്ചിയെത്തിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
പാതാളം സ്കൂളിൽ 10 കുടുംബങ്ങളിലായി 45, കുറ്റിക്കാട്ടുകര ഗവ. സ്കൂളിൽ 44 കുടുംബങ്ങളിലായി 171, ഐ.എ.സി 20, എം.ഇ.എസ് 31 കുടുംബങ്ങളിലായി 107 പേരുമാണുള്ളത്. ക്യാമ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ പറവൂർ തഹസിൽദാർ ടോണി സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.