കിൻഫ്രയിൽ മണ്ണിടിഞ്ഞ് തൊഴിലാളികൾ മരിച്ച സംഭവം: മനുഷ്യാവകാശ കമീഷൻ വിധി പറയാൻ മാറ്റി
text_fieldsകളമശ്ശേരി: കിൻഫ്ര ഹൈടെക് പാർക്കിലെ നെസ്റ്റ് ഇലക്ട്രോണിക് സിറ്റിയിൽ മണ്ണിടിഞ്ഞ് നാല് അന്തർ സംസ്ഥാന തൊഴിലാളികൾ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ വിധി പറയൽ മാറ്റി. അന്തർ സംസ്ഥാന തൊഴിലാളി ക്ഷേമത്തിന് പ്രവർത്തിക്കുന്ന മാനവ് മൈഗ്രൻറ് വെൽഫെയർ ഫൗണ്ടേഷനാണ് പരാതി സമർപ്പിച്ചത്.
സംഭവം നടന്ന് മൂന്നുമാസം പിന്നിട്ടിട്ടും മരിച്ച തൊഴിലാളികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരത്തുക കൈമാറിയിട്ടില്ല. മുമ്പ് നൽകിയ പരാതിയിൽ മനുഷ്യാവകാശ കമീഷന് ജില്ല ലേബർ ഓഫിസർ നൽകിയ മറുപടിയിൽ തൊഴിലുടമ എംപ്ലോയീസ് കോമ്പൻസേഷൻ കമീഷണറുടെ നോട്ടീസ് പ്രകാരം 61 ലക്ഷം കെട്ടിവെച്ചിട്ടുണ്ടെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അവകാശികൾക്ക് ലഭിച്ചിട്ടില്ല.
അഗ്നിരക്ഷാസേന വകുപ്പിന്റെ റിപ്പോർട്ട് അനുസരിച്ച് അപകടം മനുഷ്യനിർമിത ദുരന്തമാണെന്നതാണ് മനസ്സിലാകുന്നതെന്ന് ഫൗണ്ടേഷൻ പറയുന്നു. മണ്ണ് ഇടിയാൻ സാധ്യത വളരെ കൂടുതലാണെന്ന് തൊഴിലാളികൾ അറിയിച്ചിരുന്നതായും ആരും ചെവിക്കൊള്ളാതിരുന്നതിനാൽ മണ്ണിടിയും എന്ന ഭയത്തോടെ തന്നെയാണ് ജോലി എടുത്തതെന്നും രക്ഷപ്പെട്ട തൊഴിലാളികൾ അറിയിച്ചിരുന്നതായും റിപ്പോർട്ടിലുണ്ട്.
കെട്ടിവെച്ച നഷ്ടപരിഹാരത്തുക വളരെ കുറവാണ്. എതിർകക്ഷികളെ കേൾക്കാതെയാണ് ഈ തുക നിശ്ചയിച്ചത്. സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുകയും കൈമാറിയിട്ടില്ല. മനുഷ്യനിർമിത ദുരന്തത്തിനുത്തരവാദികളായ തൊഴിലുടമക്കെതിരെയും ബന്ധപ്പെട്ട എൻജിനീയർക്കെതിരെയും ഒരു നടപടിയും കളമശ്ശേരി പൊലീസ് സ്വീകരിച്ചിട്ടില്ലെന്നും ഫൗണ്ടേഷൻ ആരോപിക്കുന്നു.
തൃപ്പൂണിത്തുറയിൽ റോഡ് നിർമാണത്തിലെ കുഴിയിൽ വീണ് ഒരു യുവാവ് മരിച്ച സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും കരാറുകാരെയും അറസ്റ്റ് ചെയ്തത് ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടി. തൊഴിലുടമയുടെയും എൻജിനീയറുടെയും അനാസ്ഥമൂലം നാല് തൊഴിലാളികൾ മരണപ്പെട്ടിട്ടും നടപടിയെടുക്കാത്ത പൊലീസ് ഉദ്യോഗസ്ഥരിൽനിന്ന് വിശദീകരണം തേടണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ടുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് തുടർനടപടിയെന്ന നിലയിൽ ഉത്തരവിറക്കാൻ കമീഷൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.