വാഹന പരിശോധനക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച യുവാവ് അറസ്റ്റിൽ
text_fieldsകളമശ്ശേരി: വാഹന പരിശോധനക്കിടെ സബ് ഇൻസ്പെക്ടറെ ആക്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിലായി. കുന്നുകര പനയക്കാട് പീടികപ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് റൈസ് ബിൻ മജീദിനെയാണ് (23) കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ദേശീയപാതയിൽ കളമശ്ശേരിയിലാണ് സംഭവം. എറണാകുളം ട്രാഫിക് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ അനീഷ് കുമാറിന്റെ നേതൃത്വത്തിൽ കളമശ്ശേരി എച്ച്.എം.ടി ജങ്ഷനിലേക്ക് തിരിയുന്നിടത്ത് വാഹന പരിശോധനക്കിടെയാണ് സംഭവം. ആലുവയിൽനിന്ന് ഇടപ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന ടോറസ് ലോറി അമിതഭാരം കയറ്റിയിട്ടുണ്ടെന്ന സംശയത്തിൽ നിർത്താൻ പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ, ലോറി നിർത്താതെ അമിതവേഗത്തിൽ വെട്ടിച്ച് കടന്നുപോവുകയായിരുന്നു.
ലോറിയെ പിന്തുടർന്ന് പൊലീസ് ടി.വി.എസ് ജങ്ഷനിൽ തടഞ്ഞു നിർത്തുകയും വാഹനത്തിന്റെ ഭാരം പരിശോധിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, ഡ്രൈവർ സഹകരിക്കാതെ വാഹന ഉടമയെ വിളിച്ചറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഉടമയുടെ ബന്ധുവായ മുഹമ്മദ് റൈസ് ബിൻ മജീദ് ഒരു പ്രകോപനവുമില്ലാതെ അക്രമാസക്തനാകുകയും പൊലീസ് ഉദ്യോഗസ്ഥനോട് തട്ടിക്കയറി വധഭീഷണി മുഴക്കുകയും ഇൻസ്പെക്ടർ അനീഷ് കുമാറിനെ തള്ളിയിട്ട് ലോറിയുടെ ഡോർ വലിച്ചടക്കുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു. ഈ സമയം ഇൻസ്പെക്ടറുടെ തോളിന് പരിക്കേൽപിക്കുകയും ചെയ്തു. സംഭവം അറിഞ്ഞ് കൂടുതൽ പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് കേസെടുത്ത് കോടതിയിൽ ഹാജരാക്കി. പരിക്കേറ്റ സബ് ഇൻസ്പെക്ടർ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.