പൈപ്പിടലും കേബിൾ വലിക്കലും; കരിമുഗൾ ഇൻഫോപാർക്ക് റോഡ് ശോച്യാവസ്ഥയിൽ
text_fieldsകരിമുഗൾ: കരിമുഗൾ ഇൻഫോപാർക്ക് റോഡിൽ പൈപ്പിടലും കേബിൾ വലിക്കലും മൂലം റോഡ് ശോച്യാവസ്ഥയിൽ. ഒരു വർഷത്തിലധികമായി ബ്രഹ്മപുരം പാറക്ക മുകൾ കുരിശ് മുതൽ ഇൻഫോപാർക്ക് വരെ കിൻഫ്രക്ക് വെള്ളം എത്തിക്കുന്നതിന് റോഡ് രണ്ട് മീറ്റർ ആഴത്തിൽ കുഴിച്ച് പൈപ്പ് വലിച്ചെങ്കിലും ഇത് വരെ റീടാറിങ് നടത്താത്തതിനാൽ റോഡിൽ പല ഭാഗത്തും പൊട്ടി പൊളിഞ്ഞ് കിടക്കുകയാണ്.
ഒരു മാസത്തിനകം നിർമാണം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ടാണ് പൊതുമരാമത്ത് റോഡ് പൊളിക്കാൻ അനുമതി നൽകിയത്. പിന്നീട് സമയം നീട്ടി വാങ്ങിയെങ്കിലും പൂർത്തിയാക്കാനായില്ല. ഇപ്പോൾ മഴ പെയ്താൽ ചളിയും ചൂടായാൽ പൊടി ശല്യവും രൂക്ഷമാണ്. റോഡിന്റെ പല ഭാഗത്തും തോട് പോലെ കുഴികൾ രൂപപ്പെട്ടതിനാൽ ഇരു ദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് പരസ്പരം കടന്ന് പോകാൻ പറ്റാത്ത അവസ്ഥയാണ്.
ജില്ലയുടെ കിഴക്കൻ മേഖലയിൽ നിന്നും ഇൻഫോപാർക്കിലേക്കും കലക്ടറേറ്റിലേക്കും പോകുന്നതിനുള്ള എളുപ്പവഴിയാണിത്. അതിനാൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡാണ്. ഇതിനിടയിൽ റോഡിന്റെ മറുവശത്ത് കൂടി കുത്തി പൊളിച്ച് കേബിൾ വലിച്ചതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. പ്രതിഷേധം ശക്തമായതോടെ കട്ട പൊളിച്ച ഭാഗത്ത് ആ കട്ട വീണ്ടും വിരിച്ചെങ്കിലും ടാറിങ് കുത്തി പൊളിച്ച ഭാഗം കുഴിയായി തന്നെ കിടക്കുകയാണ്. എത്രയും വേഗം നിർമാണം പൂർത്തീകരിച്ച് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.