പത്തുരൂപക്ക് റേഷൻകടകളിലുണ്ട്, 'സുജലം'
text_fieldsകൊച്ചി: യാത്രാവേളകളിൽ, ഓഫിസുകളിൽ, വിവിധ പരിപാടികളിൽ എന്നിങ്ങനെ വിവിധ സാഹചര്യങ്ങളിൽ കുപ്പിവെള്ളം വാങ്ങി ഉപയോഗിക്കുന്നത് പതിവാണ്. ചെറിയ പെട്ടിക്കടകൾ മുതൽ ബേക്കറികളിലും പെട്രോൾ പമ്പുകളിലും വരെ കുപ്പിവെള്ളം ലഭ്യവുമാണ്. അതേസമയം റേഷൻകടകളിലൂടെ കുറഞ്ഞ നിരക്കിൽ കുപ്പിവെള്ളം വിൽക്കുന്ന വിവരം ഇനിയും അറിയാത്തവർ നമുക്ക് ചുറ്റുമുണ്ടാവും. സംസ്ഥാന സർക്കാർ നടപ്പാക്കിയ സുജലം പദ്ധതിയിലൂടെയാണ് കുപ്പിവെള്ളം ലഭ്യമാക്കുന്നത്. 15 രൂപക്കും 20 രൂപക്കുമൊക്കെ പുറത്തുനിന്ന് വാങ്ങുന്ന കുപ്പിവെള്ളം റേഷൻകടകളിൽ പത്തുരൂപക്ക് ലഭിക്കും. പത്തുമാസം മുമ്പ് ആരംഭിച്ച പദ്ധതിയിലൂടെ സംസ്ഥാനത്ത് 90.35 ലക്ഷം രൂപയുടെ കുപ്പിവെള്ളം വിൽപന നടത്തി. സംസ്ഥാനതലത്തിൽ കുറവല്ലാത്ത വരുമാനം പദ്ധതിയിലൂടെ എറണാകുളത്തുനിന്നും ലഭിച്ചിട്ടുണ്ട്.
വരൂ, വെള്ളം കുടിക്കാം...
റേഷൻകടകളിലൂടെ ലിറ്ററിന് 10 രൂപക്ക് കുപ്പിവെള്ളം വിതരണം ചെയ്യുന്നതാണ് പദ്ധതി. പൊതുമേഖല സ്ഥാപനമായ ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻറ് കോർപറേഷന് കീഴിൽ ഉൽപാദിപ്പിക്കുന്ന ‘ഹില്ലി അക്വാ’ കുപ്പിവെള്ളമാണ് റേഷൻകടകൾ വഴി വിൽക്കുന്നത്. എല്ലാവർക്കും ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം ലഭ്യമാക്കുന്നത് ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചത്. അര ലിറ്റർ, ഒരു ലിറ്റർ, അഞ്ച് ലിറ്റർ കുപ്പിവെള്ളം യഥാക്രമം എട്ട് രൂപ, 10 രൂപ, 50 രൂപ എന്നിങ്ങനെ വിലക്ക് റേഷൻകടകളിലൂടെ ലഭിക്കും.
ഭക്ഷ്യഭദ്രതക്കൊപ്പം കുടിവെള്ള ഭദ്രതയും ഉറപ്പാക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമാണ് പദ്ധതി. പൊതുവിതരണ ഉപഭോക്തൃ കമീഷണറും കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷനും പദ്ധതിയുടെ ധാരണപത്രം ഒപ്പുവെച്ചിട്ടുണ്ട്. കുപ്പിവെള്ളം റേഷൻ വ്യാപാരികൾക്ക് ക്രെഡിറ്റ് വ്യവസ്ഥയിൽ വിതരണം ചെയ്യുന്നതിനും ധാരണയായിട്ടുണ്ട്. അംഗീകൃത വിതരണക്കാരിൽനിന്ന് എട്ട് രൂപക്ക് ലഭ്യമാകുന്ന ഒരുലിറ്റർ കുപ്പിവെള്ളം പത്തുരൂപക്ക് വിൽപന നടത്താം.
ജില്ലയിൽ വിൽപന 3.75 ലക്ഷം
സുജലം പദ്ധതിയിലൂടെ ജില്ലയിലെ റേഷൻ കടകൾവഴി പത്ത് രൂപക്ക് വിറ്റത് 3,75,630 രൂപയുടെ കുപ്പിവെള്ളം. നിരവധി റേഷൻവ്യാപാരികൾ കുപ്പിവെള്ള പദ്ധതിയുമായി സഹകരിച്ച് പോരുന്നു.
സംസ്ഥാനതലത്തിൽ വയനാട്, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പദ്ധതി ആരംഭിച്ചിട്ടില്ല. അതേസമയം ആരംഭിച്ച കാസർകോട് ഏതാനും മാസങ്ങളായി ഏജൻസി കുപ്പിവെള്ളം ലഭ്യമാക്കുന്നില്ലെന്ന പരാതിയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.