കേരളം രാജ്യത്തിന് മുന്നേ സഞ്ചരിച്ച് ഇ.വി നയം അംഗീകരിച്ച സംസ്ഥാനം -മന്ത്രി
text_fieldsകളമശ്ശേരി: ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണത്തിന് പരമാവധി സൗകര്യം ഒരുക്കുക എന്നതാണ് സംസ്ഥാനത്തിന്റെ കാഴ്ചപ്പാടെന്ന് മന്ത്രി പി. രാജീവ്. കളമശ്ശേരിയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് വേണ്ടിയുള്ള ചാർജിങ് സ്റ്റേഷനുകളുടെ ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന് മുന്നേ സഞ്ചരിച്ച് 'ഇ.വി പോളിസി' അംഗീകരിച്ച സംസ്ഥാനമാണ് കേരളമെന്നും വൈദ്യുതി വാഹനങ്ങൾക്കുവേണ്ടി സംസ്ഥാനത്ത് സ്വന്തമായി ബാറ്ററികൾ നിർമിക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ആദ്യഘട്ടത്തിൽ ഓരോ എം.എൽ.എമാരും നിർദേശിച്ച അഞ്ചു സ്ഥലങ്ങളിൽ വീതമാണ് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചതെന്ന് മന്ത്രി പറഞ്ഞു. പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള സംവിധാനം തയാറാക്കിയിട്ടുള്ളത്.
കളമശ്ശേരി കെ.എസ്.ഇ.ബി വളപ്പിൽ നടന്ന പരിപാടിയിൽ കെ.എസ്.ഇ.ബി സ്വതന്ത്ര ഡയറക്ടർ വി. മുരുകദാസ് അധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി ചെയർമാൻ ഡോ. ബി. അശോക്, ഡയറക്ടർ ആർ. സുകു, കൗൺസിലർമാർ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷൻ ഉദ്ഘാടനം
പറവൂർ: കെ.എസ്.ഇ.ബിയുടെ കീഴിൽ പറവൂർ-ആലുവ റോഡിൽ മന്ദം 110 കെ.വി. സബ്സ്റ്റേഷന് സമീപത്ത് സ്ഥാപിച്ച ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷൻ കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. ഷാജി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം ഷാരോൺ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എസ്. സനീഷ്, കമല സദാനന്ദൻ, എസ്. പ്രശാന്ത്, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരായ എ. ശ്രീകല, ബേബി, കെ.എസ്. ആഷ എന്നിവർ സംസാരിച്ചു.
പറവൂർ ചൈതന്യ ആശുപത്രി മാനേജിങ് ഡയറക്ടർ ഡോ. എൻ. മധുവിെൻറ കാറാണ് ആദ്യമായി ചാർജ് ചെയ്തത്. കാറുകൾക്ക് മാത്രമാണ് ചാർജിങ്. നാല് ഇലക്ട്രിക്കൽ അഡാപ്റ്ററുകളാണ് ഐ ചാർജിങ്ങിന് ഒരുക്കിയത്. യൂനിറ്റ് ഒന്നിന് 15 രൂപയാണ് നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.