കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി: 558 ഏക്കർ ഏറ്റെടുക്കും
text_fieldsകൊച്ചി: കൊച്ചി-ബംഗളൂരു ഹൈടെക് വ്യവസായ ഇടനാഴിക്ക് 558 ഏക്കർ ഏറ്റെടുക്കും. പാലക്കാട് ജില്ലയിലെ പുതുശ്ശേരി സെൻട്രൽ, ഈസ്റ്റ് വില്ലേജുകളിലെ ഇത്രയും ഭൂമി ഏറ്റെടുക്കാൻ നടപടി സ്വീകരിക്കാനാണ് റവന്യൂ വകുപ്പിെൻറ ഉത്തരവ്. സാമൂഹികാഘാത പഠന റിപ്പോർട്ട്, വിദഗ്ധസമിതി ശിപാർശ, കലക്ടറുടെ റിപ്പോർട്ട് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുക്കുന്നത്. ഏറ്റെടുക്കുന്ന ഭൂമിയിൽ നെൽവയലോ തണ്ണീർത്തടമോ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ 2008ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെയും ബന്ധപ്പെട്ട ചട്ടങ്ങളുടെയും നടപടിക്രമങ്ങൾ പാലിച്ചുമാത്രമേ പരിവർത്തനം ചെയ്യാവൂ എന്ന വ്യവസ്ഥക്ക് വിധേയമായാണ് ഭൂമി ഏറ്റെടുക്കുന്നത്. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമാണ് നടപടികൾ സ്വീകരിക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹികാഘാതപഠനം നടത്താൻ 2020 ആഗസ്റ്റ് 14ന് സർക്കാർ ഉത്തരവിറക്കിയിരുന്നു.
കളമശ്ശേരി രാജഗിരി ഔട്ട് റീച്ച് സർവിസ് സൊസൈറ്റിയാണ് പഠനം നടത്തിയത്. റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിനുശേഷം പാലക്കാട് കലക്ടർ വിദഗ്ധ സമിതി രൂപവത്കരിച്ചിരുന്നു. സമിതിയുടെ ശിപാർശ സഹിതം കലക്ടർ 2021 ജൂലൈ 20ന് സർക്കാറിന് റിപ്പോർട്ട് നൽകി. തുടർന്നാണ് സ്പെഷൽ സെക്രട്ടറി കെ. ബിജു ഉത്തരവിറക്കിയത്. വ്യവസായ ഇടനാഴി രൂപവത്കരണത്തിന് സംസ്ഥാന സർക്കാർ നേരത്തേ കേന്ദ്രസർക്കാറിനെ സമീപിച്ചിരുന്നു.
വ്യവസായ ഇടനാഴികളുടെ ചുമതലയുള്ള നാഷനൽ ഇൻറസ്ട്രിയൽ കോറിഡോർ െഡവലപ്മെൻറ് ആൻഡ് ഇംപ്ലിമെേൻറഷൻ ട്രസ്റ്റിന് പദ്ധതിയുടെ വിവരങ്ങൾ സമർപ്പിക്കാൻ കേന്ദ്രസർക്കാർ നിർദേശിച്ചു. തുടർന്നാണ് വിദഗ്ധോപദേശക ഏജൻസിയെ നിയമിച്ചത്.
ഭക്ഷ്യവ്യവസായം, ഫാര്‍മസ്യൂട്ടിക്കല്‍സ്, ലഘു എൻജിനീയറിങ് വ്യവസായം, ബൊട്ടാണിക്കല്‍ ഉല്പന്നങ്ങള്, തുണിത്തരങ്ങൾ, ഖരമാലിന്യ റീസൈക്ലിങ്, ഇലക്ട്രോണിക്സ്, ഐ.ടി ലോജിസ്റ്റിക്സ്, ഓട്ടോമോട്ടിവ് തുടങ്ങിയ ക്ലസ്റ്ററുകളാണ് ഇടനാഴിയുടെ ഭാഗമായ പാലക്കാട് കേന്ദ്രത്തില്‍ സ്ഥാപിക്കുക. 83,000 തൊഴിലവസരങ്ങളാണ് പാലക്കാട് ക്ലസ്റ്ററുകളില്‍ പുതുതായി സൃഷ്ടിക്കുക. പാലക്കാട്, എറണാകുളം ജില്ലകളിലായി പദ്ധതിക്ക് 2220 ഏക്കറാണ് കണ്ടെത്തിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.