കൊച്ചി കോർപറേഷൻ മേയർ െതരഞ്ഞെടുപ്പ്; അനിൽകുമാറിന് സാധ്യത
text_fieldsകൊച്ചി: കോർപറേഷൻ മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കും. എൽ.ഡി.എഫിന് വേണ്ടി മേയർ സ്ഥാനത്തേക്ക് സി.പി.എം ജില്ല കമ്മിറ്റിയംഗം എം. അനില്‍കുമാറും ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് സി.പി.ഐയിലെ കെ.എ. അന്‍സിയയും മത്സരിക്കുന്നു.
അട്ടിമറികളൊന്നും നടക്കാത്ത പക്ഷം എൽ.ഡി.എഫ് സ്ഥാനാർഥികൾ തെരഞ്ഞെടുക്കപ്പെടും. നിലവില്‍ എല്‍.ഡി.എഫ്-34, യു.ഡി.എഫ്-31, എന്‍.ഡി.എ- അഞ്ച്, സ്വതന്ത്രര്‍- നാല് എന്നിങ്ങനെയാണ് കക്ഷിനില. സ്വതന്ത്രരിൽ രണ്ടുപേർ എൽ.ഡി.എഫിന് പിന്തുണ നൽകിയിട്ടുണ്ട്. രണ്ടാം ഡിവിഷനിൽനിന്ന് വിജയിച്ച അഷ്റഫ്, എട്ടാം ഡിവിഷനിലെ സനിൽമോൻ എന്നിവരുടെ പിന്തുണയാണ് ലഭിച്ചത്. ഇവർക്ക് പ്രധാനപ്പെട്ട രണ്ട് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനമാണ് വാഗ്ദാനം.
22ാം ഡിവിഷനിൽനിന്ന് വിജയിച്ച മേരി കലിസ്റ്റ യു.ഡി.എഫിന് പിന്തുണ നൽകി. 23ാം ഡിവിഷൻ മാനാശ്ശേരിയിൽനിന്നും വിജയിച്ച കെ.പി. ആൻറണി ആർക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. യു.ഡി.എഫ് മേയർ സ്ഥാനാർഥിയായി ആൻറണി കുരീത്തറയെയും ഡെപ്യൂട്ടി മേയർ സ്ഥാനാർഥിയായി സീന ഗോകുലനെയും മത്സരിപ്പിക്കാൻ ഡി.സി.സിയിൽ ചേർന്ന പാർലമെൻററി പാർട്ടി യോഗം തീരുമാനിച്ചു. അവസാന നിമിഷം വരെ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് സ്ഥാനാർഥി നിർണയം. യു.ഡി.എഫ് മേയര്‍ സ്ഥാനാര്‍ഥിയായിരുന്ന എന്‍.വേണുഗോപാല്‍ പരാജയപ്പെട്ടിരുന്നു. മുൻ ഡെപ്യൂട്ടി മേയർ പ്രേംകുമാറും പരാജയപ്പെട്ടതോടെയാണ് യു.ഡി.എഫില്‍ ആശയക്കുഴപ്പം ഉടലെടുത്തത്. അഞ്ച് സീറ്റുകളില്‍ മാത്രം വിജയിച്ച എന്‍.ഡി.എയില്‍ മേയര്‍ സ്ഥാനാര്‍ഥിയായി സുധ ദിലീപും ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് അഡ്വ. പ്രിയ പി യുമാണ് മത്സരിക്കുന്നത്.
ഡെപ്യൂട്ടി മേയർ സ്ഥാനാർഥിയായി അൻസിയയെ സി.പി.ഐ ജില്ല സെക്രട്ടറി പി.രാജു ഔദ്യോഗികമായി പ്രഖ്യാപിച്ചു. നാലു സീറ്റുകളില്‍ മാത്രം വിജയിച്ച സി.പി.ഐക്ക് ഡെപ്യൂട്ടി മേയര്‍ സ്ഥാനം നല്കുന്നതില് സി.പി.എമ്മിനുള്ളില്‍ അതൃപ്തി ഉണ്ടായിരുന്നു. മുന്നണി മര്യാദയനുസരിച്ച് ഡെപ്യൂട്ടി മേയര്‍ സ്ഥാനം അവകാശപ്പെട്ടതാണെന്ന പ്രതികരണവുമായി സി.പി.ഐ രംഗത്തെത്തിയതോടെയാണ് വിട്ടുനൽകാമെന്ന തീരുമാനമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.