അപകടങ്ങൾ തുടർക്കഥ: നടപടി സ്വീകരിക്കാതെ അധികൃതർ
text_fieldsമൂവാറ്റുപുഴ: കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ കക്കടാശേരി ജങ്ഷനിൽ അപകടങ്ങൾ തുടർക്കഥയായിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ. ചൊവ്വാഴ്ച രാവിലെ ഓട്ടോയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടാകുന്ന അപകടങ്ങൾ നിത്യസംഭവമാണ്.
മതപണ്ഡിതനും കുടുംബവുമടക്കം നിരവധി പേരാണ് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഇവിടെ മരിച്ചത്. കൊടുംവളവില്‍ സ്ഥിതി ചെയ്യുന്ന കവലയിൽ അപകടം തുടര്‍ക്കഥയായതോടെ വിഷയം പഠിച്ച് പരിഹാരം കാണാൻ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഏർപ്പെടുത്തേണ്ട പരിഷ്കാരങ്ങൾ സംബന്ധിച്ച് സമിതി റിപ്പോർട്ട് നൽകിയെങ്കിലും ഒന്നും നടപ്പായിട്ടില്ല.
മൂവാറ്റുപുഴ-കാളിയാര്‍ റോഡ്, ദേശീയപാതയുമായി സംഗമിക്കുന്ന കക്കടാശേരിയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെയുണ്ടായ അപകടങ്ങളില്‍ നിരവധി പേരാണ് മരിച്ചത്. രണ്ടു വര്‍ഷം മുമ്പുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനിയടക്കം കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചിരുന്നു. കടയിരുപ്പ് കോളജിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിയും ഇവിടെയുണ്ടായ അപകടത്തിലാണ് മരിച്ചത്. മുന്നിലെ കാഴ്ച മറയ്ക്കുന്ന വളവുകളാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണം.
വളവ് തിരിഞ്ഞുവരുന്ന വാഹനങ്ങള്‍ ഡ്രൈവര്‍മാര്‍ക്ക് പെട്ടെന്ന് കാണാന്‍ പറ്റുന്നില്ല. മൂന്നാറിലേക്ക് അടക്കമുള്ളവര്‍ ഇതുവഴിയാണ് സഞ്ചരിക്കുന്നത്. മഴക്കാലം ആരംഭിച്ചതോടെ അപകടം വർധിച്ചിരിക്കുകയാണ്.അടിയന്തരമായി വേഗനിയന്ത്രണ സംവിധാനമെങ്കിലും ഒരുക്കിയാൽ അപകടങ്ങൾ ഒരു പരിധിവരെ കുറക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.