കൊച്ചി ഹാർബർ നവീകരണം ഇഴഞ്ഞുതന്നെ
text_fieldsകൊച്ചി ഹാർബർമട്ടാഞ്ചേരി: പതിനായിരങ്ങളുടെ തൊഴിലിടമായ തോപ്പുംപടി ഫിഷറീസ് ഹാർബറിന്റെ നവീകരണ ജോലികൾ ഇഴഞ്ഞുനീങ്ങുന്നു. രണ്ടു വർഷം മുമ്പ് തുടങ്ങിയ നവീകരണ പ്രവർത്തനങ്ങൾ ഇന്നും എവിടെയും എത്തിയിട്ടില്ല.
2021-22ലെ കേന്ദ്ര ബജറ്റിൽ രാജ്യത്തെ അഞ്ച് മത്സ്യബന്ധന തുറമുഖങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് തെരഞ്ഞെടുത്തതിൽ ഒന്ന് കൊച്ചി ഹാർബറായിരുന്നു.
നവീകരണ പ്രവർത്തനങ്ങൾക്ക് 2022 മാർച്ചിൽ ടെൻഡർ ചെയ്ത് നവംബറിൽ തുടങ്ങിയതാണ്. ഇടക്കാലത്ത് നവീകരണ ജോലികൾ പൂർണമായും സ്തംഭിച്ചു. തുടർന്ന് ഹാർബർ വ്യവസായ സംരക്ഷണ സമിതിയുടേയും ഹാർബർ സംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ നടന്ന സമരത്തിനൊടുവിലാണ് ജോലികൾ പുനരാരംഭിച്ചത്.
ജനുവരിയിൽ ഡ്രഡ്ജിങ് തുടങ്ങുമെന്ന് അന്ന് സമര സമിതി നേതാക്കൾക്ക് അധികൃതർ ഉറപ്പുനൽകിയിരുന്നുവെങ്കിലും പാഴ്വാക്കായി. പിന്നീട് ട്രോളിങ് നിരോധന സമയമായ ജൂണിൽ ഡ്രഡ്ജിങ് തുടങ്ങുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അതും നടന്നില്ല.
2022ൽ ഹാർബർ നവീകരണ ജോലികളുടെ പുരോഗതി വിലയിരുത്താനെത്തിയ കേന്ദ്രമന്ത്രി 2024 ജനുവരിയിൽ പുതുവത്സര സമ്മാനമായി ഹാർബർ നവീകരണം പൂർത്തിയാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
പക്ഷെ കാര്യങ്ങൾ മുമ്പോട്ട് പോയില്ലെന്ന് മാത്രം. പുനർനിർമാണ പ്രവർത്തനങ്ങൾ അടിയന്തിരമായി പൂർത്തീകരിക്കണമെന്ന് ഹാർബർ വ്യവസായ സംരക്ഷണ സമിതി ചെയർമാൻ എ.എം നൗഷാദ്, സെക്രട്ടറി സിബി പുന്നൂസ്, ഭാരവാഹികളായ വൈ.എച്ച്. യൂസഫ്, ബി.യു. ഫൈസൽ, കെ.എ. നിസാർ എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.